മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാര്‍ പോലീസ് കസ്റ്റഡിയില്‍. അന്‍പതിലേറെ പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആരോപണം. പൂര്‍വവിദ്യാര്‍ഥി സംഘടന ജില്ലാ പോലീസ് സൂപ്രണ്ടിനും, വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതോടെ ശശികുമാര്‍ വാര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു. ബ്രാഞ്ച് അംഗത്വത്തില്‍ നിന്ന് സി.പിഎം ശശികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ശശികുമാറിനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. വിവിധ സംഘടനകള്‍ സ്‌കൂളിലേക്കും പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് പോലീസ് വയനാട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറത്ത് എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് പോലീസ് നല്‍കുന്ന വിവരം.
സ്‌കൂളില്‍ ഗണിത അധ്യാപകനായിരുന്ന കെ.വി. ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപകനില്‍നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
മലപ്പുറം സെയ്ന്റ് ജെമ്മാസ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന കെ.വി. ശശികുമാറിന്റെ പേരില്‍ കഴിഞ്ഞദിവസമാണ് വനിതാ പോലീസ്സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ചെയ്തത്. യു.പി. വിഭാഗം അധ്യാപകനായിരുന്ന ഇദ്ദേഹത്തിനെതിരേ ഒട്ടേറേ മുന്‍ വിദ്യാര്‍ഥിനികള്‍ ആരോപണവുമായി മുന്നോട്ടുവന്നു. പൂര്‍വവിദ്യാര്‍ഥിനികള്‍ പത്രസമ്മേളനവും നടത്തി ആരോപണമുന്നയിച്ചു. ഇതിന് പിന്നാലെ മലപ്പുറം നഗരസഭയിലെ സി.പി.എം. കൗണ്‍സിലറായിരുന്ന ശശികുമാര്‍ ഒളിവില്‍ പോയിരുന്നു.