NationalNews

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പോലീസ് കസ്റ്റഡിയില്‍

ബംഗലൂരു:മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും ബി ജെ പി നേതാക്കളെയും കസ്റ്റഡിയിലെടുത്ത് കര്‍ണാടക പോലീസ്. കര്‍ണാടക നിയമസഭയില്‍ സഭയില്‍ അനാദരവ് കാട്ടിയതിന് 10 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഇവര്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക പോലീസ് ബെംഗളൂരുവിലെ വിധാന്‍സൗദയിലെത്തി ബൊമ്മൈയെ കസ്റ്റഡിയിലെടുത്തത്. 

തങ്ങളുടെ 10 എംഎല്‍എമാരെ നിയമസഭാ സമ്മേളനത്തിന്റെ ശേഷിക്കുന്ന സെഷനുകളില്‍ നിന്ന്
സസ്പെന്‍ഡ് ചെയ്തതിനെ കര്‍ണാകട ബിജെപി ഘടകം ശക്തമായി അപലപിച്ചു. സംഭവത്തെ ജനാധിപത്യത്തിന്റെ കൊലപാതകം എന്നും അവര്‍ വിശേഷിപ്പിച്ചു. അതേസമയം ‘ജനാധിപത്യത്തിന്റെ കറുത്ത ദിനം’ എന്നാണ് ബസവരാജ് ബൊമ്മൈ സംഭവത്തെ വിശേഷിപ്പിച്ചത്. 

ബി.ജെ.പിയിലെ ചില അംഗങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തത്. സഭാ സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ ഇടവേള നല്‍കാതെ സ്പീക്കര്‍ സഭ തുടര്‍ന്നതും ബിജെപി എംഎല്‍എമാരില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ‘ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ്, ഇന്ന് ജനാധിപത്യത്തിന്റെ കൊലപാതകം നടന്നു.

ചെറിയ പ്രക്ഷോഭത്തിന്റെ പേരില്‍ 10 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരുടെ അവകാശത്തിനായി ഞങ്ങള്‍ പോരാടും’ ബൊമ്മൈ പറഞ്ഞു. അതേസമയം, പ്രതിഷേധിക്കുന്നതില്‍ നിന്ന് ബിജെപി എംഎല്‍എമാരെ ആരും തടയുന്നില്ലെന്നും എന്നാല്‍ ഡെപ്യൂട്ടി സ്പീക്കറെ ആക്രമിക്കുന്നത് ശരിയായില്ലെന്നും ഭരണകക്ഷിയായ കോണ്‍ഗ്രസ് വ്യക്തമാക്കി.

‘ഇത് നിര്‍ഭാഗ്യകരമാണ്. സഭയില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്നതില്‍ നിന്ന് അവരെ ആരും തടയുന്നില്ല, പക്ഷേ അവര്‍ പാലിക്കേണ്ട ചില അടിസ്ഥാന അച്ചടക്കങ്ങളുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ ആക്രമിക്കുന്നത് കര്‍ണാടക നിയമസഭയില്‍ കണ്ടിട്ടില്ലാത്ത കാര്യമാണ്. ഇത് നിര്‍ഭാഗ്യകരമാണ്, സംഭവത്തില്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.

അല്ലെങ്കില്‍ സഭാനടപടികള്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല’ കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ബിജെപിയുടെ പ്രതിഷേധത്തിനിടയിലാണ് ഈ സംഘര്‍ഷം ഉടലെടുത്തത്.

ഡോ സി എന്‍ അശ്വത് നാരായണ്‍, വി സുനില്‍ കുമാര്‍, ആര്‍ അശോക, അരഗ ജ്ഞാനേന്ദ്ര (എല്ലാവരും മുന്‍ മന്ത്രിമാര്‍), ഡി വേദവ്യാസ കാമത്ത്, യശ്പാല്‍ സുവര്‍ണ, ധീരജ് മുനിരാജ്, എ ഉമാനാഥ് കൊട്ടിയന്‍, അരവിന്ദ് ബെല്ലാഡ്, വൈ ഭരത് ഷെട്ടി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട 10 എംഎല്‍എമാര്‍.
അതേസമയം സ്പീക്കര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എമാരില്‍ ഒരാളായ യശ്പാല്‍ സുവര്‍ണ പറഞ്ഞു. ജൂലൈ മൂന്നിനാണ് കര്‍ണാടക നിയമസഭാ സമ്മേളനം ആരംഭിച്ചത് . ജൂലൈ 21 ന് അവസാനിക്കും.

ഡെപ്യൂട്ടി സ്‌പീക്കർ രുദ്രപ്പ ലമാനി കസേരയിലിരിക്കെ അദ്ദേഹത്തിന് നേരെ കടലാസ് എറിഞ്ഞതിന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഒമ്പത് എംഎൽഎമാരെ കർണാടക നിയമസഭാ സമ്മേളനത്തിന്റെ അവശേഷിക്കുന്ന സെഷനുകളിൽ നിന്ന് സസ്പെൻഡ് ചെയ്‌തു.

സഭാ സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിക്കാൻ സ്‌പീക്കർ വിസമ്മതിച്ചതിൽ ബിജെപി എംഎൽഎമാർ അതൃപ്‌തി പ്രകടിപ്പിച്ചതിനെത്തുടർന്ന് കർണാടക നിയമസഭയിലെ നടപടികൾ തടസ്സപ്പെട്ടതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്താൻ ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിച്ച് കോൺഗ്രസ് സർക്കാരിനെതിരായ ബിജെപിയുടെ പ്രതിഷേധത്തിനിടയിലാണ് ഈ സംഘർഷം ഉടലെടുത്തത്.

സ്‌പീക്കർ യുടി ഖാദറിന്റെ അഭാവത്തിൽ സഭാ നടപടികൾക്ക് നേതൃത്വം നൽകിയ ഡെപ്യൂട്ടി സ്‌പീക്കർ രുദ്രപ്പ ലമാനി ഉച്ചഭക്ഷണ ഇടവേളയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു, ബജറ്റിനെയും മറ്റ് ആവശ്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾ തുടരാനായിരുന്നു തീരുമാനമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്‌തു.ഉച്ചഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് അത് ചെയ്‌ത്‌ ചർച്ചകൾക്ക് മടങ്ങാമെന്ന് കർണാടക നിയമസഭാ സ്‌പീക്കർ യുടി ഖാദർ നേരത്തെ നിർദ്ദേശിച്ചിരുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി 30 ഐഎഎസ് ഉദ്യോഗസ്ഥരെ കോൺഗ്രസ് സഖ്യ നേതാക്കളെ സേവിക്കാൻ നിയോഗിച്ചുവെന്നാരോപിച്ച് ബിജെപിയുടെയും ജനതാദളിന്റെയും (ജെഡിഎസ്) പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ നിന്ന് പ്രതിഷേധിച്ചു. ചെയറിനും ഡെപ്യൂട്ടി സ്‌പീക്കർ ലമാനിക്കും നേരെ കടലാസ് എറിഞ്ഞ് ബിജെപി അംഗങ്ങൾ അതൃപ്‌തി അറിയിച്ചു.

പ്രതിഷേധത്തിനിടയിലും ഉച്ചഭക്ഷണ ഇടവേളയില്ലാതെയും സമ്മേളനം തുടരാനുള്ള സ്‌പീക്കറുടെ തീരുമാനത്തിനെ ചോദ്യം ചെയ്‌ത്‌ ബഹളം വച്ച ബിജെപി അംഗങ്ങൾ, ഉച്ചഭക്ഷണം റദ്ദാക്കിയ ചട്ടം എന്താണെന്ന് ചോദിച്ച് ചെയറിലേക്ക് കടലാസ് കഷ്‌ണങ്ങൾ എറിയുകയായിരുന്നു.ഡെപ്യൂട്ടി സ്‌പീക്കർ ലമാനിയെ ബഹളത്തിൽ നിന്ന് രക്ഷിക്കാൻ നിയമസഭാ മാർഷലുകൾ ചെയർ വളഞ്ഞു. പിന്നീട്, സംഘർഷത്തിൽ ഉൾപ്പെട്ട എംഎൽഎമാരെ സമ്മേളനത്തിന്റെ ബാക്കി സെഷനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ബിജെപി നേതാക്കളുടെ മോശം പെരുമാറ്റത്തെ കോൺഗ്രസ് എം‌എൽ‌എമാർ അപലപിച്ചു, ഇത് സഭയിലെ സംഘർഷാന്തരീക്ഷം വർദ്ധിപ്പിച്ചു. തുടർന്ന് ഡെപ്യൂട്ടി സ്‌പീക്കർ സഭാനടപടികൾ ദിവസത്തേക്ക് നിർത്തിവച്ചു. കഴിഞ്ഞ ദിവസം, ബിജെപി, ജെഡി (എസ്) അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ നിന്ന് പ്രതിഷേധിച്ചെങ്കിലും അഞ്ച് ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കിയിരുന്നു.

സഭ നിർത്തിവച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം പരിഗണനയിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button