പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ;നടക്കാൻ പറ്റുന്നില്ല, നഖങ്ങളിലടക്കം നീലനിറം
ഇടുക്കി:പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി (60) ആണ് പച്ചമീൻ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് പുഷ്പവല്ലി പറയുന്നതിങ്ങനെ. ബുധനാഴ്ച വഴിയോരക്കച്ചവടക്കാരിൽ നിന്നു മീൻ വാങ്ങിയിരുന്നു. വലിയ ചൂരമീനിന്റെ ഒരു ഭാഗം വാങ്ങി വറുത്തു. 4 കഷണമാണ് വറുത്തത്. ഇത് കൂട്ടി ചോറുണ്ടു. ചോറുണ്ടതിനു പിന്നാലെ ചെറിയ തോതിൽ അസ്വസ്ഥത തുടങ്ങി. തലയിൽ പെരുപ്പുണ്ടായതോടെ വീടിന്റെ ഒരുഭാഗത്തിരുന്നു. പരവേശം തോന്നിയപ്പോൾ വെള്ളം കുടിച്ചു. ഇതിനിടെ ഹൃദയമിടിപ്പും കൂടി.
നടക്കാൻ പറ്റാതെ വന്നതോടെ ഭിത്തിയിൽ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി ഇവരുടെ സഹായം തേടി. സമീപവാസിയായ കുടുംബമാണ് പുഷ്പവല്ലിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് ഇന്നലെയാണ് പുഷ്പവല്ലിയെ വാർഡിലേക്ക് മാറ്റിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയിൽ നിന്നു വിവരങ്ങൾ തേടി. ഒരാഴ്ച മുൻപ് തൂക്കുപാലം മേഖലയിൽ പച്ചമീൻ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകൾ ചത്തിരുന്നു. പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറുവേദനയും അനുഭവപ്പെട്ട ചികിത്സ തേടിയെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ വി.കെ.പ്രശാന്തിന്റെ റിപ്പോർട്ടും ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു.
സംഭവത്തിൽ കർശന നടപടിയെടുക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകിയതോടെ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി സാംപിൾ ശേഖരിച്ചിരുന്നു. 6 സ്ഥലങ്ങളിലായി നടന്ന റെയ്ഡിൽ പഴകിയ 25 കിലോ മത്സ്യം പിടിച്ചെടുത്തിരുന്നു. മത്സ്യ വ്യാപാര കേന്ദ്രങ്ങളിൽ നിന്നും പിടിച്ചെടുത്ത മത്സ്യം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സ്റ്റേറ്റ് അനലറ്റിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിനിടെയാണ് പച്ചമീൻ കഴിച്ച് വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നു പരാതി.