ലോകകപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബൈയില്‍ നിന്ന് ഖത്തറിലേക്ക് ഫ്ലൈ ദുബായ് സർവീസ്
ദുബായ്: ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബായിൽ നിന്ന് ദോഹയിലക്ക് വിമാന സർവീസുകള്‍ നടത്തുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ദിവസേന ദുബൈയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമായി 30 സര്‍വീസുകള്‍ വരെയുണ്ടാവും. ഖത്തർ എയർവേയ്സുമായും മറ്റ് ജി.സി.സി രാജ്യങ്ങളിലെ എയർലൈനുകളുമായും സഹകരിച്ചാണ് ഷട്ടിൽ സർവീസുകൾ നടത്തുകയെന്ന് ഫ്ലൈ ദുബായ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു.
ഓരോ ദിവസത്തെയും മത്സരം കണ്ടതിന് ശേഷം അന്ന് തന്നെ തിരിച്ചു വരാൻ പാകത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഫുട്ബോൾ മൽസരങ്ങൾ വീക്ഷിക്കുന്നതിനോടൊപ്പം ഇരു രാജ്യങ്ങളിലേയും കാഴ്ചകൾ കാണാനുള്ള അവസരങ്ങളുമുണ്ടാവും. ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്ക് ദുബായിൽ സ്വതന്ത്രമായി സഞ്ചരിച്ച് അവിടത്തെ ആതിഥേയത്വം സ്വീകരിക്കാവുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഗെയ്ത് വ്യക്തമാക്കി .
മത്സര ദിവസങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടുമായി ഇക്കണോമിക് ക്ലാസിൽ 258 ഡോളറും ബിസിനസ് ക്ലാസിന് 998 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ഹാന്റ് ബാഗേജ് അലവൻസ്, ഫ്ലൈറ്റിൽ ലഭിക്കുന്ന ലഘു ഭക്ഷ്യ പദാർഥങ്ങളുടെ വില, വിമാനത്താവളത്തിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള സൗജന്യ യാത്രാ സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടും. മത്സരങ്ങൾ തുടങ്ങുന്നതിന് നാല് മണിക്കൂർ മുമ്പ് ദോഹയിലെത്തുന്ന വിധത്തിലാണ് ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കേണ്ടത്.
കൂടാതെ ഹയ്യാ കാർഡിനായി (ഫാൻ ഐ.ഡി) ൻകൂർ രജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്. എല്ലാ ദിവസവും വിമാനത്തിൽ യാത്ര ചെയ്യുന്നതിനും ഖത്തറിൽ പ്രവേശിക്കുന്നതിനും ഇത് ആവശ്യമാണ്. ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് സർവീസ് നടത്തുന്ന ഈ ഷട്ടിൽ ഫ്ലൈറ്റുകൾ ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്ക് വേണ്ടി മാത്രമായിരിക്കും. ഈ ഫ്ലൈറ്റുകൾക്ക് പ്രത്യേകമായിത്തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്. സാധാരണഗതിയിൽ കണക്ഷൻ ഫ്ലൈറ്റുകൾക്ക് ബുക്ക് ചെയ്യുന്ന നടപടിക്രമമല്ല ഇതിനായി വേണ്ടത്. ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഷട്ടിൽ സർവീസിന് ഉപയോഗപ്പെടുത്തുക.
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദോഹ ഹമദ് ഇന്റർ നാഷണൽ എയർപോർട്ടിലേക്കുള്ള പതിവ് സർവീസുകൾ ലോകകപ്പ് കാലയളവിലും ഉണ്ടാവും. മൽസര ദിവസങ്ങളിലെ ഷട്ടിൽ സർവീസ് സംബന്ധിച്ച വിവരങ്ങൾ https://www.flydubai.com/en/plan/match-day-shuttle-flights-to-doha എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്. ഹയ്യാ കാർഡിനെ സംബന്ധിച്ച വിശദാംശങ്ങൾ https://hayya.qatar2022.qa/ എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്. ഷട്ടിൽ സർവീസുകൾക്ക് ബുക്ക് ചെയ്യേണ്ടത് flydubai.com എന്ന വെബ്‍സൈറ്റിലാണ്.