കോട്ടയം: ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും കുട്ടനാടും ദുതിരക്കയത്തില്‍. ചങ്ങനാശേരി-ആലപ്പുഴ റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ കുട്ടനാട്ടുകാര്‍ക്ക് ചങ്ങനാശേരിയുമായുള്ള ബന്ധം പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ചങ്ങനാശേരി താലൂക്കില്‍ 26 ക്യാമ്പുകളിലായി 3,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ 10 ക്യാമ്പുകളിലായി 700 കുടുംബങ്ങളാണ് കഴിയുന്നത്. വീടുകളില്‍ വെള്ളം കയറിയതോടെ ആഹാരം പാചകം ചെയ്യാനാകാത്തതുമൂലം കുട്ടനാട്ടില്‍ 463 പാചകശാല ആരംഭിച്ചിട്ടുണ്ട്. 21,830 കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഈ കേന്ദ്രങ്ങളില്‍നിന്ന് ആഹാരം വിതരണം ചെയ്തുവരുന്നു. കുട്ടനാട് താലൂക്കിലെ 14 വില്ലേജ് പരിധിയിലുള്ള രണ്ടു ലക്ഷത്തിലേറെ ആളുകളാണ് വെള്ളപ്പൊക്കത്തില്‍ ദുരിതം നേരിടുന്നത്.
പാടശേഖരങ്ങളിലെ വ്യാപകമായ മടവീഴ്ച മൂലമാണ് റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറുന്നത്. ഇതുമൂലം ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ട് മൂലം ചങ്ങനാശേരി ഡിപ്പോയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ആലപ്പുഴയില്‍ നിന്നു മങ്കൊമ്പ് ജംഗ്ഷന്‍ വരെ ഇന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.