NationalNews

ഒരാഴ്ചയായി വീട്ടില്‍ ഭക്ഷണമില്ല; അഞ്ചു വയസുകാരി പട്ടിണി മൂലം മരിച്ചു

ആഗ്ര: ആഗ്രയില്‍ അഞ്ചുവയസുകാരി ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ട്. ബറൗലി അഹീര്‍ ബ്ലോക്കിലെ നാഗലവിധി ചന്ദ് ഗ്രാമത്തില്‍ സോണിയ എന്ന അഞ്ചുവയസ്സുകാരിയാണ് ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ മരിച്ചത്. എന്നാല്‍ കുട്ടിയുടെ മരണം പട്ടിണി മൂലമല്ലെന്നാണ് ആഗ്ര ഭരണകൂടത്തിന്റെ വാദം. പനിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് ആഗ്ര ഭരണകൂടം പറയുന്നത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇപ്പോള്‍ 100 കിലോഗ്രാം റേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്.

താന്‍ ദിവസ വേതന തൊഴിലാളിയാണെന്നും ഭര്‍ത്താവിന് ശ്വാസകോശ സംബന്ധിയായ അസുഖമുള്ളതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ഷീലാ ദേവി ഇന്ത്യ ടുഡേയോട് പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇവരുടെ വീട്ടില്‍ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. 15 ദിവസത്തോളം അയല്‍വാസികളാണ് ഇവരെ സഹായിച്ചിരുന്നതെന്ന് ഇന്ത്യാ ടുഡേ വാര്‍ത്തയില്‍ പറയുന്നു.

എന്നാന്‍ സഹായം തുടര്‍ന്ന് നല്‍കാന്‍ അയല്‍ക്കാര്‍ക്ക് സാധിച്ചില്ല. ഒരാഴ്ചയോളം ഇവരുടെ വീട്ടില്‍ മുഴുപട്ടിണിയായിരുന്നു. അതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് പനി ബാധിച്ചത്. മരുന്നോ ഭക്ഷണമോ വാങ്ങാന്‍ തന്റെ കയ്യില്‍ പണമില്ലായിരുന്നുവെന്നും മകളെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും ഷീലാ ദേവി പറയുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ട് റേഷന്‍ പോലും വാങ്ങാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, 7000 രൂപ ബില്ലടക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ വൈദ്യുതിയും വിച്ഛേദിച്ചിരുന്നു.

നാല് വര്‍ഷം മുമ്പ് എട്ടുവയസ്സുകാരനായ മകനും പട്ടിണി മൂലമാണ് മരിച്ചതെന്ന് ഷീലാദേവി പറഞ്ഞു. നോട്ട്‌നിരോധനം നിലവില്‍ വന്ന സമയത്തായിരുന്നു ഈ മരണമെന്ന് ഷീലാദേവി ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലാണ് ഈ കുടുംബത്തിന്റെ ജീവിതം. പെണ്‍കുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഗ് തഹസീല്‍ദാര്‍ സദാര്‍ പ്രേം പാലിനോട് ആവശ്യപ്പെട്ടു.

പട്ടിണി മൂലമല്ല, വയറിളക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് തഹസീല്‍ദാരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 20 കിലോഗ്രാം ഗോതമ്പും 40 കിലോഗ്രാം അരിയും മറ്റ് അനുബന്ധ ഭക്ഷ്യവസ്തുക്കളും ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ കുടുംബത്തിന് റേഷന്‍കാര്‍ഡും ലഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മകള്‍ ഒരു പാത്രം പാല്‍ കുടിച്ചെന്നും അതിന് ശേഷമാണ് വയറിളക്കം ഉണ്ടായതെന്നും പിതാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker