Home-bannerKeralaNews

കൊല്ലത്ത് കൊറോണ ലക്ഷണങ്ങളുമായി അഞ്ചു പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കൊല്ലം: കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്നുപേരും അയല്‍വാസികളായ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഒരുകുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരാണ് കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ടയിലെ കുടുംബത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാന്‍ പോയത്. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമുണ്ട്. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് കുടുംബം വിധേയരായിരുന്നില്ല.

ഇറ്റലിയില്‍ നിന്നു മടങ്ങിയെത്തിയിട്ടും കൊറോണ വൈറസ് പരിശോധന നടത്താത്തവര്‍ ഇനിയുമുണ്ടെന്ന് റാന്നി എം.എല്‍.എ രാജു കെ എബ്രഹാം പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ ജാഗ്രതയുടെ ഭാഗമായി പൊതുപരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാര്‍ച്ച് 7 ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. 7 ന് പുലര്‍ച്ചെ 6.30ന് ദുബായ് കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യൂണിവേഴ്സല്‍ സ്‌ക്രീനിംഗ് സംവിധാനത്തില്‍ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിള്‍ എന്‍.ഐ.യുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്റെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button