കോഴിക്കോട്: പതിനെട്ട് വയസാണ് ഇന്ത്യയില്‍ വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായം. കന്നിവോട്ട് ചെയ്യാന്‍ കാത്തിരുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അറുപത്തിനാലാമത്തെ വയസില്‍ കന്നിവോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണ് നാദാപുരം സ്വദേശി രാജന്‍.
രാജന്‍ കന്നിവോട്ടിനൊരുങ്ങുമ്പോള്‍ ഒപ്പം കന്നിവോട്ട് ചെയ്യാന്‍ മകള്‍ കൂടിയുണ്ട്. ജീവിക്കാനായി 1977ല്‍ പ്രവാസ ജീവിതം തെരഞ്ഞെടുത്തതാണ് രാജന്‍. അന്ന് 20 വയസായിരിന്നു. പ്രാരാബ്ധങ്ങള്‍ നീണ്ടപ്പോള്‍ പ്രവാസ ജീവിതവും നീണ്ടു.
ആദ്യം വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും വിദേശത്തായിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് വോട്ടര്‍ പട്ടികയില്‍ നിന്നു പേരും നീക്കം ചെയ്തു. പ്രവാസ ജീവിതമൊക്കെ അവസാനിപ്പിച്ച് ഒരു ഫാന്‍സി കടയും തുടങ്ങി.
ഇക്കുറി ഏതായാലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്. എം.ബി.എ വിദ്യാര്‍ത്ഥിയായ മകള്‍ അശ്വനിക്കും ഇത് കന്നി വോട്ടാണ്. കന്നിവോട്ടറായ അച്ഛനൊപ്പം കന്നി വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് അശ്വനിയും.