ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ സ്വദേശി സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബർ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോർപറേഷൻ. ഇയാളുടെ യാത്രാ വിവരങ്ങൾ കോർപറേഷൻ പുറത്തുവിട്ടു. നവംബർ 20-ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു. ഇയാൾ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.
നവംബർ 20-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഇയാൾ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയിരുന്നു. തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയനായ ഇയാൾ ഹോട്ടലിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഹോട്ടലിലെത്തി യുപിഎച്ച്സി ഡോക്ടർ പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ സാമ്പിളുകൾ ശേഖരിക്കുകയും ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ചെയ്തു. പിറ്റേ ദിവസം സ്വകാര്യ ലാബിൽ സ്വയം പരിശേധനക്ക് വിധേയനായ ഇയാൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു.
ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 24 പേരാണ് ഉണ്ടായിരുന്നത്. ആർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയ്ക്ക് വിധേയരായെങ്കിലും എല്ലാവരുടേയും ഫലം നെഗറ്റീവാണ്. യുപിഎച്ച്സി സംഘം ഇയാളുടെ ദ്വിതീയ സമ്പർക്കത്തിലുള്ള 240 പേരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചെങ്കിലും എല്ലാം നെഗറ്റീവായി. നവംബർ 20ന് അർധരാത്രി ഹോട്ടിലിൽ നിന്ന് ടാക്സി കാറിൽ വിമാനത്താവളത്തിലേക്ക് പോയ ഇയാൾ ദുബായിലേക്ക് പോയി.
കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേർ കോവിഡ് പോസിറ്റീവ്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകൾ ജീനോം പരിശോധനയ്ക്കായി അയക്കുകയും ചെയ്തെന്ന് കർണാടക സർക്കാർ അറിയിച്ചു. 66-ഉം 46-ഉം വയസ്സുള്ള രണ്ടു പുരുഷന്മാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈകീട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഒമിക്രോൺ സ്ഥിരീകരിച്ച 46-കാരൻ ബെംഗളൂരുവിൽനിന്നുള്ള ഡോക്ടറാണെന്നും ഇദ്ദേഹം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. നവംബർ 21-ന് ഇദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ അന്നു തന്നെ ജനിതക ശ്രേണീകരണത്തിന് അയച്ചു. തുടർന്ന് മൂന്നുദിവസത്തിനു ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 46-കാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 13 പേരുണ്ടെന്നും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 250-ൽ അധികം പേരുമുണ്ടെന്നും കർണാടക സർക്കാർ അറിയിച്ചു.