കാലിഫോര്‍ണിയ: ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ആദ്യത്തെയാള്‍ പൂര്‍ണമായി സുഖം പ്രാപിച്ചുവെന്നും അയാള്‍ക്ക് ഇപ്പോള്‍ ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസിനെ നിയന്ത്രിക്കാന്‍ കഴിയിമെന്നും ഇലോണ്‍ മസക്. എക്സിലെ സ്പേസസില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രോഗിയില്‍ നിന്ന് പരമാവധി മൗസ് ബട്ടന്‍ ക്ലിക്കുകള്‍ ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ന്യൂറാലിങ്ക് ഇപ്പോള്‍.
കഴിഞ്ഞവര്‍ഷം മേയിലാണ് ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കാന്‍ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത്. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയ്യാറുള്ള രോഗികളെയും കമ്പനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ന്യൂറാലിങ്ക് ആദ്യമായി ഒരു മനുഷ്യന്റെ തലച്ചോറില്‍ വിജയകരമായി ഘടിപ്പിച്ചതായി ന്യൂറാലിങ്ക് അറിയിച്ചത്.
ടെലിപ്പതി എന്നാണ് തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ചിന്തകളിലൂടെ കംപ്യൂട്ടറും സ്മാര്‍ട്ഫോണും നിയന്ത്രിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
ശാരീരികപരിമിതികള്‍ ഉള്ളവര്‍ക്കാണ് ന്യൂറാലിങ്ക് മുന്‍ഗണന നല്‍കുന്നത്. പ്രത്യേകിച്ച് തളര്‍വാതം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക്. അവരുടെ ജീവിതത്തില്‍ അനായാസത കൈവരിക്കാന്‍ ‘ടെലിപ്പതി’ സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് പറയുന്നത്.