KeralaNews

പുതിയ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത് സംസ്ഥാനം; കൊച്ചിയിലും കൊണ്ടോട്ടിയിലും ആദ്യ കേസുകൾ

കൊച്ചി: പുതിയ ക്രിമിനൽ നിയമപ്രകാരം സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്ത് തുടങ്ങി. കൊണ്ടോട്ടിയിലും കൊച്ചിയിലും ആദ്യ കേസുകൾ രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആർ.

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ബിഎൻഎസ് 281 പ്രകാരം കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലാണ് പത്തടിപ്പാലം സ്വദേശിക്കെതിരെ കേസെടുത്തത്. ഓട്ടോ ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബിഎൻഎസ് 281 വകുപ്പ് പ്രകാരം ലഭിക്കുക.

ഇന്ന് മുതലാണ് രാജ്യത്ത് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. ‘ഐപിസി’, ‘സിആർപിസി’ എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ. ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായാണ് കുറ്റവും ശിക്ഷയും നിര്‍വ്വചിക്കുന്ന ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ് പുതിയ ക്രിമിനല്‍ നടപടിക്രമം. ഭാരതീയ സാക്ഷ്യ അധിനിയമാണ് ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം നിലവില്‍ വന്ന നിയമം.

ഇന്ത്യന്‍ പീനല്‍ കോഡിന് പകരം വരുന്ന ഭാരതീയ ന്യായ് സംഹിതയില്‍ ആകെ 358 വകുപ്പുകളാണുള്ളത്. സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദത്തിനും നിര്‍വ്വചനം നല്‍കുന്ന നിയമമാണ് ഭാരതീയ ന്യായ് സംഹിത. കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല്‍ ക്രിമിനല്‍ നിയമം അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്നത് ഭാരതീയ ന്യായ സംഹിത അനുസരിച്ച് ക്രിമിനല്‍ കുറ്റമാകും.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത അഥവാ ബിഎന്‍എസ്എസ് ആണ് ക്രിമിനല്‍ കേസുകളിലെ നടപടിക്രമം സംബന്ധിച്ച പുതിയ നിയമം. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണവും മുതല്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ബിഎന്‍എസ്എസില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. കുറ്റകൃത്യം സംഭവിച്ച പൊലീസ് സ്റ്റേഷനില്‍ മാത്രമല്ല, ഏത് പൊലീസ് സ്റ്റേഷനിലും അധികാരപരിധിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാം. പരാതി ഓണ്‍ലൈനായും നല്‍കാം.

ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമാണ് ഭാരതീയ സാക്ഷ്യ അധിനിയം. ഡിജിറ്റല്‍ രേഖകളും ഡോക്യുമെന്റ് എന്ന നിർവചനത്തിൽപെടും. ഇലക്ട്രോണിക് രൂപത്തില്‍ ലഭിച്ച സാക്ഷിമൊഴികളും തെളിവായി പരിഗണിക്കും. തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ ഭാരതീയ സാക്ഷ്യ അധിനിയം കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button