കരകയറാന്‍ ശ്രമിക്കുന്ന ഒരാളെ വീണ്ടും വീണ്ടും ഭൂതകാലത്തിലേക്ക് വലിച്ചിടുമ്പോള്‍,പൃഥിരാജ് പറയുന്നു
കൊച്ചി:കടുവയ്ക്ക് ശേഷം പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം, കാപ്പ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 22 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംഷയോടയാണ് കാത്തിരിക്കുന്നത്.
പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപർണ ബാല മുരളി, അന്ന ബെൻ തുടങ്ങിയവർ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലറും ഒരു ഗാനവും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കൊട്ട മധു എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. കാപ്പ ചുമത്തപ്പെട്ട ഗുണ്ടകളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
തനിക്ക് പ്രിയപ്പെട്ട വേഷങ്ങളിൽ ഒന്നാണ് കൊട്ട മധുവെന്നും ഷാജി കൈലാസിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാകും കാപ്പയെന്നും പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടിയിലാണ് നടൻ ഇത് പറഞ്ഞത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ പ്രസ്മീറ്റിൽ പൃഥ്വിരാജ് തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്.
കൊട്ട മധു പ്രിയപ്പെട്ടവനാകേണ്ട കഥാപാത്രമല്ല എന്നാൽ ഒരു നടനെ സംബന്ധിച്ച് ചെയ്യാൻ രസമുള്ള കഥാപാത്രമാണ് അതെന്നാണ് പൃഥ്വിരാജ് പറയുന്നത്. പൃഥ്വിരാജിന്റെ വാക്കുകൾ വിശദമായി വായിക്കാം.
‘കൊട്ട മധു പ്രിയപ്പെട്ടവനാകേണ്ട കഥാപാത്രമല്ല. ആ കഥാപാത്രം ഒരു നടനെന്ന നിലയിൽ നമ്മുക്ക് അഭിനയിക്കാൻ തോന്നുന്ന ഒന്നാണ്. അല്ലാതെ കഥാപാത്രത്തിന്റെ ക്വാളിറ്റി അല്ല. ഹോന്റിങ് ആയ ഒരു പാസ്റ്റിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഒരാളെ വീണ്ടും വീണ്ടും ഭൂതകാലത്തിലേക്ക് വലിച്ചിടുന്നതാണ്. അങ്ങനെ ഒരു സ്ട്രഗിൾ ആണ്. അത് ഒരു നല്ല കഥാപാത്രമായിട്ട് തോന്നി,’
‘സിനിമയിൽ നമ്മളെ ഇമോഷണൽ ആകുന്ന കാര്യങ്ങളാണ് കൂടുതൽ. ഒരു മാസ് എന്നതറിനപ്പുറം ഇമോഷണൽ സൈഡ് തന്നെയാണ്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് അതാണ്. എന്നാൽ മികച്ച ആക്ഷനും മാസ് സീനും എല്ലാമുണ്ട്,’
‘സിനിമ കണ്ടപ്പോൾ ഷാജിയേട്ടന്റെ ഏറ്റവും മികച്ച സിനിമയാണെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് സിനിമ കാണുമ്പോൾ അങ്ങനെ തോന്നുമോയെന്ന് എനിക്കറിയില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കാരണം ഞാൻ ഷാജിയേട്ടന്റെ ഒരു ഫാനാണ്. അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് എന്നെ ഭയങ്കരമായി ഇൻസ്പയർ ചെയ്തിട്ടുണ്ട്,’
‘അദ്ദേഹം ഈ സിനിമ എടുത്തിരിക്കുന്ന രീതി എനിക്ക് വലിയ അത്ഭുതം തന്നെയായിരുന്നു. പുള്ളി അങ്ങനെ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളല്ല. കാപ്പക്ക് ഞാൻ ഡേറ്റ് കൊടുക്കുമ്പോൾ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഞാൻ ജോർദാനിലായിരുന്നു. അന്ന് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു ‘മോനെ ഞാൻ വേറെയൊരു ലൈനിലാണ് സിനിമ പിടിക്കാൻ പോകുന്നതെന്ന്. അതിൽ കൂടുതലൊന്നും വിശദീകരിക്കാൻ അദ്ദേഹത്തിന് അറിയില്ല,’
‘ഷൂട്ടിന്റെ സമയത്ത് പലപ്പോഴും ഞാനൊരു അസിസ്റ്റന്റ് ഡയറക്ടറായി മാറും. അങ്ങനെ പല സംശയങ്ങളും ഞാൻ അദ്ദേഹത്തോട് പോയി ചോദിക്കും. അപ്പോൾ അദ്ദേഹം പറയും അതിന്റെ ആവശ്യമില്ല ഇത് വേറെയൊരു ലൈനാണല്ലോ എന്ന്. ശരിക്കും പറഞ്ഞാൻ പുള്ളിക്കാരന്റെ മനസിൽ ഒരു ഡിസൈൻ നേരത്തെ തന്നെ ഉണ്ടാകും. അതിന്റെ ഭാഗമായിട്ടാണ് ഈ സിനിമക്ക് ചില മാറ്റങ്ങൾ വന്നിരിക്കുന്നത്,’
അത് ഒരിക്കലും അറിയാതെ വന്നുപോയതല്ല. കൃത്യമായി അദ്ദേഹം പ്ലാൻ ചെയ്തത് തന്നെയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. കാപ്പയിൽ രാഷ്ട്രീയമില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
‘ഞാൻ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഈ സിനിമയിൽ മത്സരിക്കുന്നുണ്ട്, അതിനുമപ്പുറത്തേക്ക് കാപ്പയിൽ ഒരു രാഷ്ട്രീയവും പറയുന്നില്ല. മനസിൽ തീരാതെ കടക്കുന്ന പ്രതികാരങ്ങളെ കുറിച്ചും ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമൊക്കെ പറയുന്ന ഒരു കഥയാണിത്’
‘റൈറ്റേർസ് യൂണിയന്റെ പടമാണെന്ന് കരുതി ഞങ്ങൾ ഒന്നും ശമ്പളം വാങ്ങാതെയല്ല അഭിനയിച്ചിരിക്കുന്നത്. പ്രതിഫലം വാങ്ങാതെ വർക്ക് ചെയ്യാൻ ആരും പറയുകയോ, അങ്ങനെ ഒരു ചിന്ത വരികയോ ചെയ്തിട്ടില്ല,’ എന്നും പൃഥ്വിരാജ് വ്യക്തമാക്കി.