‘ആ വാക്ക് ഞാന്‍ പറയാന്‍ പാടില്ലായിരിന്നു.. മാപ്പ്’ വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍
കൊച്ചി: ഫേസ്ബുക്ക് ലൈവിലൂടെയുള്ള വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണെന്നും അത്തരമൊരു വാക്ക് താന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു. ആ സമയത്തെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ എന്നെ വിളിച്ചു. ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി ആ വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന്. ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാന്‍ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണ്. ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
”ഇന്നലെ ഞാന്‍ നടത്തിയ വേശ്യാ പരാമര്‍ശം എല്ലാവരും കണ്ടതാണ്. ഇന്നലത്തെ എന്റെ മാനസികാവസ്ഥ വല്ലാത്തൊരു അവസ്ഥയാണ്. കാരണം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ നമ്മള്‍ നോക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ചെറിയ കുട്ടിയാണ്. മൂന്ന് വയസുള്ള കുട്ടിയാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത കുട്ടി വീണ്ടും സീരിയസ് ആയിട്ട് അത് വെന്റിലേറ്ററില്‍ ആണ്. കഴിഞ്ഞ രണ്ട് ദിവസമായിട്ട് ഞാന്‍ ആ ഭാഗങ്ങളില്‍ കിടന്ന് ഓടി നടക്കുകയാണ്. അതിനിടയിലാണ് രാവിലെ പല ആളുകളും വിളിച്ചിട്ട് നിങ്ങള്‍ക്ക് ഞങ്ങള്‍ പൈസ അയച്ചുതരുന്നില്ലേ ,നിങ്ങള്‍ ഇങ്ങനെ രാഷ്ട്രീയം കളിക്കാന്‍ പറ്റുമോ എന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നത്. അതിനിടെ എനിക്കെതിരെ അനാവശ്യമായി ഫേസ്ബുക്ക് പോസ്റ്റുകള്‍ വരുന്നു.
ഇത്രയും മോശമായി ആളുകള്‍ എനിക്കെതിരെ പോസ്റ്റുകള്‍ ഇടുന്നു. ഞാനൊരു മനുഷ്യനല്ലേ ഞാനൊരു ദൈവമൊന്നുമല്ല. മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യനാണ്. നിങ്ങളെപ്പോലെ തന്നെയാണ് ഞാന്‍. ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ ഒരു പരാമര്‍ശം നടത്തി എന്ന പേരില്‍ നിങ്ങള്‍ എനിക്ക് നേരെ ഇത്തരത്തില്‍ വന്നു. നിങ്ങളെപ്പറയുമ്പോള്‍ എത്ര വിഷമം തോന്നുന്നോ അത്രയും വിഷമം എന്നെ പറയുമ്പോള്‍ എനിക്കും തോന്നലുണ്ട്. ഞാന്‍ കടിച്ചുപിടിച്ച് കുറേയൊക്കെ ക്ഷമിച്ചു. ക്ഷമിക്കാന്‍ കഴിയാതായപ്പോള്‍ നമ്മള്‍ അത് പറഞ്ഞുപോയതാണ്. ഒരുപാട് സുഹൃത്തുക്കള്‍ എന്നോട് വന്നു പറഞ്ഞു, ആ സമയത്തെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിന്‍വലിക്കണമെന്ന്.
ആ ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി ആ വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന്. കാരണം ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാന്‍ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണ് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
അതേസമയം ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈ്ന്‍ ആവശ്യപ്പെട്ടു.