ആരാണ് ഫിറോസ് കുന്നംപറമ്പില്‍,ആലത്തൂരിലെ മൊബൈല്‍ ഷോപ്പുടമയില്‍ നിന്ന് കോടികളുടെ ബാങ്ക് ബാലന്‍സിലേക്കുള്ള ഫിറോസിന്റെ യാത്രയിങ്ങനെ
ഒരു മൊബൈല്‍ ഫോണും ഫേസ് ബുക്ക് പേജും സാധാണക്കാരനായ യുവാവിനെയും സമൂഹത്തെയും എങ്ങിനെ മാറ്റിമറിയ്ക്കാം എന്നതിന്റെ ഉദാഹരണമാണ് സമൂഹമാധ്യമ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ ജീവിതം.ഫിറോസിന്റെ സോഷ്യല്‍മീഡിയ ചാരിറ്റി വിജയം കണ്ടതോടെ തട്ടിപ്പിന്റെ പുതിയ വാതായനങ്ങളാണ് പലര്‍ക്കും മുന്നില്‍ തുറന്നുകൊടുക്കപ്പെട്ടത്.നടപടി
ആരാണ് ഫിറോസ് കുന്നംപറമ്പില്‍
മണ്ണാര്‍ക്കാട് മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്.വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാനിരിയ്്‌ക്കെ അബ്ദുള്ളയോടൊപ്പം നടത്തിയ യാത്രകളാണ് ചാരിറ്റി പ്രവര്‍ത്തന രംഗത്തുള്ള സാധ്യതകള്‍ ഫിറോസിന് മനസിലാക്കി നല്‍കിയത്.ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ അധികൃതരുടെ പടിവാതിലുകള്‍ കയറിയിറങ്ങുന്ന നിരവധി അശരണരെ ഫിറോസ് കണ്ടു.ഒപ്പം ദുരുതമനുഭവിയ്ക്കുന്നവര്‍ക്ക് ഒരു കൈ സഹായമെങ്കിലും നല്‍കാന്‍ ആഗ്രഹിയ്ക്കുന്ന വലിയൊരു കൂട്ടം ആളുകളെയും.ഈ അനുഭവങ്ങള്‍ തന്നെയായിരുന്നു ഈ രംഗത്തെ ഫിറോസിന്റെ മുതല്‍ മുടക്കും.
എ.എല്‍.എയുടെ ഡ്രൈവര്‍ ജോലിയ്ക്കുശേഷം ആലത്തൂര്‍ ടൗണില്‍ മൊബൈല്‍ കട നടത്തി ജീവിതം ഉപജീവനം നടത്തുന്നതിനിടെയാണ് സാമൂഹ്യ സേവന രംഗത്തേക്ക് തിരിഞ്ഞത്. പതിവുപോലെ തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് തുടക്കം. പിന്നീട് മുന്നിലെത്തുന്ന ആളുകളുടെയും രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെയും ദൈന്യത വ്യക്തമാക്കുന്ന ഫേസ് ബുക്ക് ലൈവുകള്‍.ആദ്യഘട്ടങ്ങളില്‍ അത്ര വിജയകരമായിരുന്നില്ലെങ്കിലും ലൈവിലെത്തുന്ന രോഗികളുടെ ദൈന്യത വര്‍ദ്ധിച്ചതോടെ സഹായത്തിന്റെ കുത്തൊഴുക്കായി.
ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളില്‍ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂര്‍വരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും ഉള്‍പ്പടെ സഹായം ആവശ്യമുള്ള പലരേയും മലയാളികള്‍ അറിഞ്ഞത് ഫിറോസ് കുന്നംപറമ്പിലിലൂടെയായിരുന്നു. അപൂര്‍വ രോഗം ബാധിച്ചവര്‍, വീടില്ലാത്തവര്‍, സാമ്പത്തിക പ്രയാസമുള്ളവര്‍ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് സുമനസുകളില്‍ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളില്‍ ഇടം പിടിച്ചത്. ആറര ലക്ഷത്തോളം ആളുകള്‍ ഇദ്ദേഹത്തെ ഫേസ്ബുക്കില്‍ പിന്തുടരുന്നു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് നിരവധി പേരെയാണ്.
‘ആലത്തൂരില്‍ സ്വന്തമായി ഒരു മൊബൈല്‍ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഞാന്‍. വലിയ വരുമാനമൊന്നും ഇല്ല. ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ ഞങ്ങള്‍ കഴിഞ്ഞു. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങി ആലത്തൂര്‍ ടൗണിലൂടെ വന്നിരുന്ന എനിക്കു നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നു. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം എന്നെ വല്ലാതെ വേദനിപ്പിച്ചു. വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം ഞാന്‍ അയാള്‍ക്കു നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ കൂടി ഭക്ഷണം ആവശ്യപ്പെട്ട് എന്റെ അരികിലെത്തി. അന്നു രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഭക്ഷണത്തിനായി യാചിക്കേണ്ടി വരുന്നവരുടെ മുഖങ്ങള്‍ എന്നെ വേട്ടയാടി. ഇത്തരത്തിലുള്ളവരുടെ വിശപ്പകറ്റാന്‍ ആവുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ഉണ്ടായി. തൊട്ടടുത്ത ദിവസം ആലത്തൂരില്‍ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഞാന്‍ തയാറാക്കി. എണ്‍പതോളം പേര്‍ അതില്‍ ഉള്‍പ്പെടുമായിരുന്നു. അത്രയധികം ആളുകള്‍ ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നുണ്ട് എന്നത് എനിക്ക് ഒരു വലിയ ഞെട്ടല്‍ ആയിരുന്നു. ആലത്തൂരിലെ ഹോട്ടലുകളാണ് ആദ്യം സഹായവുമായി എത്തിയത്’ ഫിറോസിന്റെ വാക്കുകളില്‍ ഇങ്ങനെയായിരുന്നു സാമൂഹ്യ പ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം.
വിവാദങ്ങള്‍
ചാരിറ്റി പ്രവര്‍ത്തന രംഗത്ത് സജീവമായ ആദ്യഘട്ടത്തില്‍ തന്നെ ഒരു കോണില്‍ നിന്ന് സാമ്പത്തിക വിനിമയത്തിലെ സുതാര്യതയേക്കുറിച്ച് വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങി.ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ വലിയ ചര്‍ച്ചയായി മാറി.ആലത്തൂരിലെ സഹോദരങ്ങളുടെ ചികിത്സാര്‍ത്ഥമുള്ള ധനശേഖരണത്തിന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയില്‍ ഫിറോസ് അക്കൗണ്ട് തുറന്നിരുന്നു. റമസാന്‍ മാസത്തില്‍ പരിക്ക് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപ പിരിച്ചു കിട്ടി. ഇതില്‍ നിന്ന് 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് വിട്ടു തന്നത്.കുട്ടികളുടെ ചിലവുകള്‍ക്കുവേണ്ടിയല്ലാതെ ഫിറോസ് സ്വന്തം നിലയില്‍ പണം പിന്‍വലിയ്ക്കാനുള്ള നീക്കത്തെ ബാങ്ക് എതിര്‍ത്തു.കുട്ടികളുടെ ചികിത്സ കഴിഞ്ഞ് ബാക്കിയുള്ള പണം മറ്റ് രോഗികള്‍ക്കായി ഉപയോഗിയ്ക്കണമെന്നായിരുന്നു ഫിറോസ് പറഞ്ഞ ന്യായം.
ഫിറോസിനെതിരെ ഫേസ് ബുക്ക് ലൈവിലൂടെ വിമര്‍ശനം ഉന്നയിച്ച യുവതിയ്‌ക്കെതിരെ സഭ്യതയുടെ എല്ലാ പരിധികളും ലംഘിയ്ക്കുന്ന വിമര്‍ശനവുമായി ഫിറോസ് രംഗത്തെത്തി. തുടര്‍ന്ന് ഓണ്‍ലൈനായും പുറത്തുമെല്ലാം വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സമൂഹ്യരംഗത്തെ പ്രമുഖരടക്കം നിരവധി വനിതകള്‍ ഫിറോസിനെതിരെ രംഗത്തെത്തി. തടുര്‍ന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.സ്ത്രീകള്‍ക്കെതിരായി വേശ്യാ പരമാമര്‍ശം പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണെന്ന് ഫിറോസിന്റെ മാപ്പുപറച്ചിലെത്തിയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.
തിരുവനന്തപുരത്തെ ഒരു രോഗിയുടെ ചികിത്സയ്ക്കായി സമാഹരിച്ച ലക്ഷങ്ങള്‍ ഫിറോസ് വകമാറ്റി ചിലവഴിച്ചതായി അടുത്തിടെ ആരോപണങ്ങള്‍ ഉയര്‍ന്നു. ആക്ഷേപങ്ങളെ യുക്തഭദ്രമായി പ്രതിരോധിയ്ക്കാന്‍ കഴിയാതിരുന്ന ഫിറോസ് അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. വിഷയത്തില്‍ സൈബര്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്താനുള്ള നിര്‍ണായക തീരുമാനം എടുത്തത്.