ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ഹോട്ടലിന് തീവെച്ചു; ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്
ഏറ്റുമാനൂര്‍: കാണക്കാരി അമ്പലക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീയിട്ടു. സംഭവത്തില്‍ ഹോട്ടലുടമ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഹോട്ടലുടമ കോതനല്ലൂര്‍ പാലത്തടത്തില്‍ ദേവസ്യ (60), ബേബി എന്നു വിളിക്കുന്ന കാണക്കാരി പൊന്നമ്മാക്കല്‍ ടി.പി.തോമസ് (72) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഹോട്ടലുടമയായ ദേവസ്യയുടെ തന്നെ മറ്റൊരു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമുടമയാണ് തോമസ്. വാടകയെ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവമെന്ന് പറയുന്നു. സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. ഹോട്ടലിന്റെ കൗണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. തീ വെച്ചതാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ആരാണ് തീയിട്ടതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കടുത്തുരുത്തിയില്‍ നിന്ന് അഗ്‌നിശമന സേനയും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.