EntertainmentFeaturedHome-bannerKeralaNews

ദുൽഖർ സൽമാന് തീയറ്ററുകൾ വിലക്കേർപ്പെടുത്തി

കൊച്ചി: ദുൽഖർ സൽമാനും(Dulquer Salmaan) അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്(FEUOK ). ദുൽഖർ സൽമാൻ നിർമിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണു നടപടി.

ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്

കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത്‌ ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി. 

ദുല്‍ഖര്‍ സല്‍മാനെ  നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്.

 

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം – അസ്‍ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. – അമർ ഹാൻസ്പൽ,  അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് – അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ – മഞ്ജു ഗോപിനാഥ്.

അതേസമയം, ഹേയ് സിനാമിക എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. മാർച്ച് മൂന്നിനായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker