‘വിഡ്ഢിയായ ഒരാളെ കണ്ടെത്തട്ടെ’: ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്ക്
വാഷിങ്ടൻ: ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്ക്. ആ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ സിഇഒ സ്ഥാനം രാജിവയ്ക്കുമെന്നും അതിനുശേഷം സോഫ്റ്റ്‌വെയർ, സെർവർ ടീമുകളെ നയിക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്റർ സിഇഒ സ്ഥാനത്തു തുടരണമെന്ന് തനിക്ക് വലിയ ആഗ്രഹമൊന്നുമില്ലെന്നും സ്ഥാനത്തു തുടരണോ എന്ന കാര്യം ട്വിറ്ററിൽ വോട്ടിനിട്ടു തീരുമാനിക്കുമെന്നും ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു.
I will resign as CEO as soon as I find someone foolish enough to take the job! After that, I will just run the software & servers teams.
— Elon Musk (@elonmusk) December 21, 2022
തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ 1.75 കോടി പേർ പങ്കെടുത്തപ്പോൾ 57.5% പേർ മസ്ക് രാജിവയ്ക്കണമെന്നും 42.5% പേർ സ്ഥാനത്തു തുടരണമെന്നും അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് പകരക്കാരനെ കണ്ടെത്തിയശേഷം സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്ക് വ്യക്തമാക്കിയത്. ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതിനുശേഷം ഇലോൺ മസ്‌കിന്റെ ട്വിറ്ററിലെ അമിതമായ ഇടപെടലിനെക്കുറിച്ചു ടെസ്‌ല നിക്ഷേപകർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ട്വിറ്ററിനെ താൽകാലികമായിട്ടാണു നയിക്കുന്നതെന്ന് മസ്ക് നിക്ഷേപകർക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു.
ഈ വർഷം ഏപ്രിലിലാണ്, 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. പിന്നീട് നിരവധി നാടകീയ സംഭവങ്ങൾക്കുശേഷം ഒക്ടോബർ 27നു ഇടപാട് പൂർത്തിയാക്കി. കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ മസ്ക് പ്രഖ്യാപിച്ചു.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം. ഇതിനെതിരെ ട്വിറ്റർ നിയമപോരാട്ടവും ആരംഭിച്ചതോടെയാണ് മസ്കിന് ഇടപാടു പൂർത്തിയാക്കേണ്ടി വന്നത്. ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ മസ്ക് സ്വീകരിച്ചിരുന്നു.