KeralaNews

കുവൈറ്റില്‍ മലയാളി ജീവനക്കാരുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കോട്ടയം സ്വദേശിയായ കമ്പനി ഉടമ

തിരുവനന്തപുരം: കുവൈറ്റില്‍ മലയാളി ജീവനക്കാരുടെ അക്കൗണ്ട് ഉപയോഗിച്ച് കമ്പനിയുടമ അനധികൃത പണമിടപാട് നടത്തിയതായി പരാതി. ഫ്യൂഷന്‍ ഷിപ്പിങ് എന്ന കമ്പനിയുടെ ഉടമ കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സോണി സെബാസ്റ്റ്യനെതിരെയാണ് കോഴിക്കോട് നിവാസിയും ഇതേ കമ്പനിയിലെ ജീവനക്കാരനുമായ സുജേഷ് പരാതി നല്‍കിയിരിക്കുന്നത്. ഒമ്പത് വര്‍ഷത്തോളമായി ഫ്യൂഷന്‍ ഷിപ്പിങില്‍ ജോലി ചെയ്യുന്നയാളാണ് സുജേഷ്. ജീവനക്കരുടെ സിവില്‍ ഐഡി ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഈ തട്ടിപ്പ് ചോദ്യം ചെയ്ത ജീവനക്കാരെ കമ്പനിയില്‍ നിന്നു നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുകയും അതില്‍ ഒരാളുടെ പേരില്‍ സോണി കള്ളക്കേസ് നല്‍കിയതായും പരാതിയില്‍ പറയുന്നു.

ഈ ജനുവരി മാസം മുതലാണ് പണമിടപാട് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവനക്കാരിയായ സൂസന്‍ ജേക്കബ്ബ് നാട്ടിലേയ്ക്ക് പണം അയയ്ക്കുന്നതിന് യുണിമണി എന്ന മണിട്രാന്‍സ്ഫര്‍ സ്ഥാപനത്തിലേയ്ക്ക് പോയപ്പോളാണ് കള്ളി വെളിച്ചത്താകുന്നത്. നിലവില്‍ അയച്ചിട്ടുള്ളതിനാല്‍ ഈ മാസം അയയ്ക്കാനുള്ള പരിധി കഴിഞ്ഞു എന്നാണ് അവിടെ നിന്നു പറഞ്ഞത്. സൂസന്‍ ജേക്കബ്ബിന്റെ സിവില്‍ ഐഡി ഉപയോഗിച്ച് നിലവില്‍ 10000 കുവൈറ്റ് ദിര്‍ഹം (25 ലക്ഷം ഇന്ത്യന്‍ രൂപയോളം) കമ്പനിയുടെ എംഡിയായ സോണി സെബാസ്റ്റ്യന്റെ നാട്ടിലെ അക്കൗണ്ടിലേയ്ക്ക് പല തവണയായി പണം അയച്ചതായി പരിശോധനയില്‍ വ്യക്തമായി.

ഇതറിഞ്ഞ് ഓഫീസിലെ ജീവനക്കാര്‍ അവരവരുടെ സിവില്‍ ഐഡി പരിശോധിച്ചപ്പോള്‍ സമാനമായി സോണി സെബാസ്റ്റ്യന്റെയും അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകളിലേയ്ക്ക് ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ അയച്ചതായി അറിയാന്‍ സാധിച്ചു. സോണിയുടെ ബന്ധുക്കളായ ഷെര്‍ലറ്റ്, റോയി തുടങ്ങിയവരുടെ കേരളത്തിലെ അക്കൗണ്ടുകളിലേയ്ക്കാണ് പണം അയച്ചിരിക്കുന്നത്.

അമ്പതോളം ജീവനക്കാരുള്ള ഓഫീസിലെ പതിനഞ്ചോളം മലയാളികളുടെ സിവില്‍ ഐഡി ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് രസീത് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ സോണി സെബാസ്റ്റ്യന്‍ മണിട്രാന്‍സ്ഫര്‍ സ്ഥാപനത്തിന്റെ അധികൃതരെ വിളിച്ച് തടഞ്ഞതായും ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാര്‍ സോണി സെബാസ്റ്റ്യനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ദുബായിയില്‍ ക്വാറന്റെയ്‌നിലാണുള്ളതെന്നും തിരിച്ചെത്തിയാലുടന്‍ നേരിട്ട് സംസാരിക്കാമെന്നും പറഞ്ഞു. പക്ഷേ, തിരിച്ചെത്തിയ സോണി ആദ്യം ചെയ്തത് തന്നെ ഫോണില്‍ ബന്ധപ്പെട്ട സുജേഷിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ജോലിയില്‍ നിന്നും ഒളിച്ചോടി എന്ന് ആരോപിച്ച് കള്ളക്കേസ് നല്‍കുകയുമാണ്. ഇപ്പോള്‍ പണം അയച്ചത് താനാണെന്ന് സമ്മതിച്ച് പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കണമെന്നാണ് സോണി സെബാസ്റ്റ്യന്റെ ആവശ്യമെന്ന് പുറത്താക്കപ്പെട്ട സുജേഷ് പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ സുജേഷിന്റെ പാസ്‌പോര്‍ട്ട് പുതുക്കികിട്ടിയപ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ വാങ്ങിയ പാസ്‌പോര്‍ട്ട് ഇതുവരെ മടക്കി നല്‍കിയിട്ടില്ലെന്നും സുജേഷ് പരാതിയില്‍ പറയുന്നു. അതുകാരണം വിസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കാന്‍ കഴിയുന്നില്ല. രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് മുമ്പ് പല പേപ്പറുകളിലും ഒപ്പിട്ടു വാങ്ങിയതായും സുജേഷ് പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ തട്ടിപ്പിനിരയായ ഭൂരിഭാഗംപേരെയും സ്ഥാപനത്തില്‍ നിന്നു രാജിവയ്പ്പിക്കുകയും മറ്റുചിലരെ കമ്പനിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളത്തിന്റെ ഇരട്ടിയിലധികം തുക പ്രതിമാസം മണിട്രാന്‍സ്ഫര്‍ വഴി അയക്കുമ്പോള്‍ വരവില്‍ കവിഞ്ഞ പണം അയയ്ക്കുന്നതിന് ജീവനക്കാരുടെ പേരില്‍ കേസ് വരാന്‍ സാധ്യതയുണ്ട്. സോണി സെബാസ്റ്റ്യനും അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ മകനായ ഓഫീസ് അക്കൗണ്ടന്റും യൂണിമണി എന്ന മണിട്രാന്‍സ്ഫര്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരനും ചേര്‍ന്നാണ് ഈ ക്രമക്കേട് നടത്തിയതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ലേബര്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. കുവൈറ്റ് പൊലീസിനും ലേബര്‍ കോടതിയിലും നല്‍കിയിട്ടുള്ള പരാതിക്ക് പുറമെ ഇന്ത്യയിലെ ഇഡി, എന്‍ഫോഴ്‌സ്‌മെന്റ്, നോര്‍ക്ക തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് സുജേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button