BusinessNationalNews

സാമ്പത്തിക പ്രതിസന്ധി: പേടിഎമ്മില്‍ കൂട്ട പിരിച്ചുവിടൽ

മുംബൈ:റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട പേടിഎം വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. പ്രധാന ബിസിനസുകളില്‍ ശ്രദ്ധേകന്ദ്രീകരിക്കുമെന്നും ചെലവ് ചുരുക്കി കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും മെയ് 22ന് ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ സിഇഒ വിജയ് ശേഖര്‍ ശര്‍മ സൂചിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യയിലും സാമ്പത്തിക സേവന മേഖലയിലും വന്‍തോതില്‍ നിക്ഷേപം നടത്തിയത് ജീവനക്കാരുടെ ചെലവ് വര്‍ധിക്കാനിടയാക്കിയെന്ന് അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ജൂണ്‍ പത്തിന് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട മറ്റ് തൊഴിലുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ ഉള്‍പ്പടെയുള്ള ചെലവ് കുറച്ച് പ്രതിവര്‍ഷം 400-500 കോടി രൂപ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024 മാര്‍ച്ച് പാദത്തിലെ കണക്കുപ്രകാരം സെയില്‍സ് വിഭാഗം ജീവനക്കാരുടെ എണ്ണം 3,500 കുറഞ്ഞ് 36,521 ആയിരുന്നു. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ സേവനം റിസര്‍വ് ബാങ്ക് വിലക്കയിതിന് പിന്നാലെയായിരുന്നു ഇത്.

മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 167.5 കോടി രൂപയില്‍നിന്ന് 550 കോടിയായി. സേവനങ്ങളിലേറെയും നിര്‍മിതബുദ്ധി അധിഷ്ഠിതമാക്കുന്നതിനും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും ഇതേതുടര്‍ന്ന് കമ്പനി തീരുമാനിച്ചിരുന്നു.

അറ്റാദായം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചതോടെ മൂന്നു വ്യാപാര ദിനങ്ങളിലും വണ്‍97 കമ്യൂണിക്കേഷന്റെ ഓഹരികള്‍ നേട്ടത്തിലാണ്. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ എട്ട് ആഴ്ചക്കിടെ ഇതാദ്യമായി ഓഹരി വില 400 കടന്ന് 414ല്‍ എത്തി. മെയ് മാസത്തെ എക്കാലത്തെയും താഴ്ന്ന നിലവാരമായ 310 രൂപയില്‍നിന്ന് 33.60 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button