പ്രണയവിവാഹത്തിന് ശ്രമിച്ച യുവതിയുടെ വിരലുകള്‍ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി
മൈസൂരു: വീട്ടുകാരെ തള്ളി പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവതിയുടെ നാലു കൈവിരലുകള്‍ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി. ചാമരാജ്നഗര്‍ ഹന്നൂര്‍ താലൂക്കിലെ പിജിപാളയ ഗ്രാമത്തിലെ ധനലക്ഷ്മിയുടെ(24) ഇടതു കയ്യിലെ വിരലുകളാണ് പിതാവ് ശിവസ്വാമി, സഹോദരന്‍ മഹേന്ദ്ര എന്നിവര്‍ ചേര്‍ന്ന് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ ഹന്നൂര്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഇതേ ഗ്രാമത്തിലെ സത്യ എന്ന യുവാവുമായി ധനലക്ഷ്മി 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും രജിസ്റ്റര്‍ വിവാഹം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ഇരുവരും പിന്തിരിഞ്ഞില്ല. തുടര്‍ന്ന് ധനലക്ഷ്മിയെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ ശിവസ്വാമി അനുവദിച്ചില്ല.
ഫവിലക്ക് ലംഘിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങാന്‍ ശ്രമിച്ച ധനലക്ഷ്മിയെ ശിവസ്വാമിയും മഹേന്ദ്രയും ചേര്‍ന്ന് പിടികൂടുകയും വിരലുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു.