തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി ഫൈസല്‍ ഫരീദ് പണം ചെലവഴിച്ച മലയാള സിനിമകളെ കുറിച്ച് എന്‍ഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകന്റേയും, മുതിര്‍ന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിര്‍മ്മാണത്തിന് ഫൈസല്‍ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.
നാല് ചിത്രങ്ങള്‍ക്കാണ് ഫൈസല്‍ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുണ്‍ ബാലചന്ദ്രന്‍ വഴിയായിരുന്നു പണം സിനിമ മേഖലയില്‍ എത്തിച്ചത്.കസ്റ്റംസും, എന്‍ഐഎയും ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണ കള്ളക്കടത്തിന്റെ വിവരങ്ങള്‍ ഫൈസല്‍ ഫരീദിന് അറിവുണ്ടെന്നാണ് എന്‍ഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തല്‍.
അതേസമയം, ഫൈസല്‍ ഫരീദിനെ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു
ഇതിന് പിന്നാലെ ഫൈസല്‍ നാട് വിടുമെന്ന സംശയത്തെ തുടര്‍ന്നാണ് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും ദുബായ് പൊലീസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.