പ്രശസ്‍ത കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍ത നിലയില്‍
ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍തു. മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ആത്മഹത്യ ചെയ്‍ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായ നിതിൻ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന നിലയിലും പേരെടുത്തിരുന്നു. ‘ഹം ദിൽ ദേ ചുകേ സനം’, ‘പ്രേം രത്തൻ ധൻ പായോ’, ‘ബാജിറാവൂ മസ്‍താനി’, ‘ദേവ്ദാസ്’, ‘ലഗാൻ’, ‘ജോഥാ അക്ബർ’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു. നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ആദ്യ ദേശീയ പുരസ്‍കാരം ലഭിക്കുന്നത് 1999ല്‍ മമ്മൂട്ടി നായകനായ ‘ഡോ. ബാബാസാഹേബ് അംബേദ്‍കര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു. 2000ത്തില്‍ ‘ഹം ദിൽ ദേ ചുകേ സന’ത്തിലൂടെയും ഓസ്‍കര്‍ നോമിനേഷൻ ലഭിച്ച ആമിര്‍ ഖാൻ നായകനായ ‘ലഗാനെ’ന്ന ചിത്രത്തിലൂടെ 2002ലും 2003ല്‍ ‘ദേവദാസി’ലുടെയും കലാ സംവിധാനത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ നിതിൻ ദേശായി ‘അജിന്ത’ എന്ന മറാത്തി ചിത്രം സംവിധാനം ചെയ്യുകയും രണ്ട് മറാത്തി ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്‍തിട്ടുണ്ട്.
‘ഹരിശ്ചന്ദ്രാചി ഫാക്ടറി’ എന്ന ചിത്രത്തിലൂടെ ദേശായ് മഹാരാഷ്‍ട്ര സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‍കാരം നേടിയിരുന്നു. ‘1942: എ ലവ് സ്റ്റോറി’യിലൂടെ ഫിലിഫെയര്‍ പുരസ്‍കാരം നേടി. ‘ഖമോഷി’, ‘ദേവാസ്’ എന്നിയ്‍ക്കും നിതിന് ഫിലിഫെയര്‍ പുരസ്‍കാരം ലഭിച്ചിരുന്നു. ‘ജോധാ അക്ബര്‍’ എന്ന സിനിമയിലൂടെ ഐഎഫ്എ പുരസ്‍കാരവും ലഭിച്ചു.
നിതിൻ ചന്ദ്രകാന്ത് ദേശായിയുടെ മരണത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. സാമ്പത്തിക പ്രശ്‍നങ്ങളെക്കുറിച്ച് ഇന്നലെയും തന്നോട് സംസാരിച്ചിരുന്നതായി സുഹൃത്തും ബിജെപി നേതാവുമായ വിനോദ് താവ്ഡെ വ്യക്തമാക്കി. ഒട്ടേറേ പേരാണ് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ദാപോളിയിലായിരുന്നു നിതിൻ ചന്ദ്രകാന്തിന്റെ ജനനം.