
ചേര്‍ത്തല: വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി സാമ്പത്തികത്തട്ടിപ്പുനടത്തിയ കേസില്‍ പ്രതിയായ പ്രഥമാധ്യാപിക പോലീസിനെ വട്ടംകറക്കുന്നു. ഒളിവിലുള്ള ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടപടി സ്വീകരിച്ചതായാണു വിവരം. നാലുദിവസം മുന്‍പ് മൂന്ന് പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകളെടുത്തെങ്കിലും ഇവരെ കണ്ടെത്താനോ പിടികൂടാനോ ആയിട്ടില്ല. ചേര്‍ത്തലയില്‍ത്തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
നഗരത്തിലെ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപിക കരുവായില്‍ ഭാഗത്തെ എന്‍.ആര്‍. സീതയാണ് സ്‌കൂളിലെ താത്കാലിക അധ്യാപകരുടെയും രക്ഷിതാക്കളുടെയും പേരില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ഒരുക്കി പണംതട്ടിയത്. കെ.എസ്.എഫ്.ഇ. ശാഖകളില്‍നിന്നുള്ള പരാതികളെത്തുടര്‍ന്ന് ചേര്‍ത്തല, അര്‍ത്തുങ്കല്‍, പട്ടണക്കാട് സ്റ്റേഷനുകളിലായാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. തുണിവ്യാപാര സ്ഥാപനം നടത്തിയുണ്ടായ ലക്ഷങ്ങളുടെ നഷ്ടം നികത്താനാണ് തട്ടിപ്പുനടത്തിയതെന്നാണു പോലീസിനു ലഭിച്ച വിവരം.
അധ്യാപികയുടെ കരുവായിലുള്ള വീട്ടില്‍ അര്‍ത്തുങ്കല്‍ പോലിസ് നടത്തിയ പരിശോധനയില്‍ 50- ഓളം ആധാര്‍ കാര്‍ഡുകളുടെയും പാന്‍കാര്‍ഡുകളുടെയും പകര്‍പ്പുകളും കെ.എസ്.എഫ്.ഇ വായ്പാ അപേക്ഷാ ഫോറങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരാതിയെയും കേസിനെയും തുടര്‍ന്ന് ഇവരെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡു ചെയ്തിരുന്നു. കെ.എസ്.എഫ്.ഇ.യില്‍ ബന്ധുക്കളുടെ പേരിലാണ് ചിട്ടിയും വായ്പ ഇടപാടുകളും അധ്യാപിക നടത്തിയിരുന്നത്.
അതിനൊപ്പം സ്‌കൂളിലെ താത്കാലിക ജീവനക്കാരുടെയും രക്ഷിതാക്കളുടെയും തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് ഇവരുടെ പേരില്‍ ഇല്ലാത്ത ജോലിക്ക് ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ഇത്തരത്തില്‍ കെണിയില്‍ക്കുടുങ്ങിയ എട്ടുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നതെന്നതിനാല്‍ നിസ്സഹായരായ ഇവരും നെട്ടോട്ടത്തിലാണ്.
പട്ടണക്കാട് പോലീസില്‍ രണ്ട് കേസുകളിലായി 16.97 ലക്ഷത്തിന്റെയും അര്‍ത്തുങ്കലില്‍ (3.24ലക്ഷം), ചേര്‍ത്തല ( 3.75 ലക്ഷം) എന്നിങ്ങനെയാണ് തട്ടിപ്പുപരാതികള്‍. സ്‌കൂള്‍ പി.ടി.എ. ഫണ്ടിലെ തുകയുടെ പേരില്‍ പി.ടി.എ. നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല.
തട്ടിപ്പുനടത്തിയ എന്‍.ആര്‍. സീത സ്‌കൂളിലെയും താലൂക്കിലെ മറ്റ് സ്‌കൂളിലെയും അധ്യാപകരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി നല്‍കി ഒരുകോടിയോളം തട്ടിച്ചതായും പരാതികളുണ്ട്. 20 ഓളം അധ്യാപകര്‍ ഇത്തരത്തില്‍ കെണിയിലായി. രണ്ടു മുതല്‍ പത്തുലക്ഷംവരെയാണ് ഓരോ അധ്യാപകര്‍ക്കും ബാധ്യതയായിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമെടുത്ത വായ്പ തിരിച്ചടക്കാതെയും ചിട്ടികള്‍ കുടിശ്ശികയായും വന്നതോടെ അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ഇതു തിരിച്ചുപിടിച്ചുതുടങ്ങി. പലര്‍ക്കും നോട്ടീസുകളും വന്നു തുടങ്ങി. ഇവരും നിയമനടപടികളിലേക്കു നീങ്ങിയിട്ടുണ്ട്.