ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രം വേണമെന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; ഞരമ്പ് രോഗിയെ കൈയ്യോടെ പൊക്കി പോലീസ്
തിരുവല്ല: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട ഞരമ്പ് രോഗിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയിലായിരുന്നു സംഭവം. ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ വീട്ടില്‍ സതീഷ്‌കുമാറി(രഘു)വിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവള്ളപ്ര സെന്റ് തോമസ് എച്ച്എസ്എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിയന്തിരമായി അടിവസ്ത്രങ്ങള്‍ എത്തിക്കമെന്നായിരുന്നു സതീഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇരവിപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അജിതയാണ് പോലീസില്‍ പരാതി നല്‍കിയത്.
ക്യാമ്പില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ല. മാത്രവുല്ല, സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നല്ല, അടിവസ്ത്രങ്ങള്‍ വേണമെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. ഇത് മനഃപൂര്‍വം, ക്യാമ്പിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രളയം, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.