ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരില്‍ നാടുനീളെ വ്യാജ പിരിവ്; ഒടുവില്‍ പിരിവ് ചോദിച്ചെത്തിയത് ഇതേ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍, രണ്ടംഗ സംഘം പിടിയിലായത് ഇങ്ങനെ
പന്തളം: ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരില്‍ വ്യാജ പിരിവിന് ഇറങ്ങിയ സംഘം ഒടുവില്‍ പിടിയില്‍. പന്തളം പെരുമ്പുളിക്കല്‍ കുളവള്ളി ഭാഗത്താണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചികിത്സാ സഹായം തേടിയാണ് രണ്ടംഗ സംഘം പിരിവ് നടത്തിയത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ രഘുവിന്റെ പേരു പറഞ്ഞാണ് സംഘം പിരിവ് നടത്തിയത്. ഒടുവില്‍ രഘുവിന്റെ തന്നെ വീട്ടിലെത്തി പിരിവ് ചോദിച്ചതോടെയാണ് സംഘം കുടുങ്ങിയത്.
ഇലന്തൂര്‍ തോന്ന്യാമല പള്ളിപ്പറമ്പില്‍ ജോണിക്കുട്ടി(53), അഴൂര്‍ സന്തോഷ് ഭവനില്‍ മുകളുംമുറിയില്‍ തോമസുകുട്ടി(51) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗമായ രഘു പെരുമ്പുളിക്കലിന്റെ അറിവോടെയാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ പിരിവ്. മകളുടെ കരള്‍ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
എന്നാല്‍ തട്ടിപ്പു സംഘം രഘുവിനെയും രഘുവിന്റെ വീടും തിരിച്ചറിയാതെ അവിടെയും ഇതേ പേരില്‍ പിരിവ് ചോദിച്ചു. രഘുവിന്റെ വീട്ടിലും രഘുവിന്റെ പേരു പറഞ്ഞതോടെയാണ് സംഘം കുടുങ്ങിയത്. രഘുവിനെ അറിയാമോ എന്ന് രഘു ചോദിച്ചപ്പോള്‍ തുമ്പമണ്‍ പഞ്ചായത്ത് അംഗമാണെന്നും ഇവര്‍ രഘുവിന്റെ മുന്നില്‍ തട്ടിവിട്ടു. തട്ടിപ്പു തിരിച്ചറിഞ്ഞതോടെ രഘു നാട്ടുകാരെയും വിളിച്ചു ചേര്‍ത്ത് ഇരുവരെയും പോലീസിനു കൈമാറുകയായിരുന്നു.