KeralaNews

‘തോറ്റവരുടേതു കൂടിയാണല്ലോ ലോകം’; എസ്.എസ്.എല്‍.സി പരാജയപ്പെട്ടവര്‍ക്ക് കൊടൈക്കനാലില്‍ കുടുംബത്തോടൊപ്പം സൗജന്യ താമസം വാഗ്ദാനം ചെയ്ത് ബിസിനസുകാരന്‍!

കൊച്ചി: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയമാണ് ഇത്തവണ. അതുകൊണ്ടു തന്നെ വളരെ കുറച്ച് വിദ്യാര്‍ത്ഥികളെ തോല്‍വി അറിഞ്ഞിട്ടുള്ളു. ഈ വിദ്യാര്‍ത്ഥികളെ ഒപ്പം നിര്‍ത്തുകയാണ് ഒരു ബിസിനസുകാരന്‍.

ഇത്തവണ എസ്എസ്എല്‍സി തോറ്റവര്‍ക്കും കുടുംബത്തിനും കൊടൈക്കനാലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്താണ് സുധി എന്ന ബിസിനസുകാരന്‍ ശ്രദ്ധേയനാകുന്നത്. ഫേസ്ബുക്കിലൂടെയാണ് സുധി ഇക്കാര്യം പരസ്യപ്പെടുത്തിയത്. ‘തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കൈയടിക്കുന്നത്’ എന്ന പ്രചോദനാത്മക വാചകവുമായാണ് തോറ്റവര്‍ക്കൊപ്പമെന്നു പ്രഖ്യാപിച്ച് സുധി പോസ്റ്റിട്ടത്. ഒപ്പം സ്വന്തം ഫോണ്‍ നമ്പറും.

കോഴിക്കോട് വടകര സ്വദേശിയായ സുധി കുടുംബത്തോടെ 15 വര്‍ഷമായി കൊടൈക്കനാലിലാണ്. ഹോം സ്റ്റേ കോട്ടേജുകളടക്കമുള്ള ബിസിനസാണ്. ഇത്തവണ കേരളത്തിന്റെ എസ്എസ്എല്‍സി വിജയം കണ്ടതോടെയാണ് തോറ്റവര്‍ക്കൊപ്പമാണു നില്‍ക്കേണ്ടതെന്ന തോന്നലുണ്ടായത്. ‘തോറ്റവരുടേതു കൂടിയാണല്ലോ ലോകം. ജയിച്ചവരുടെ ആഘോഷവും മാര്‍ക്ക് ലിസ്റ്റും മാത്രമല്ല ലോകം കാണേണ്ടത്. തോറ്റവരെയും നമ്മള്‍ ചേര്‍ത്തുപിടിക്കേണ്ടേ’ സുധി പറയുന്നു.

‘ഒറ്റയ്ക്ക് വരാമോ സുഹൃത്തുക്കളെ കൂട്ടി വരാമോ എന്നൊക്കെ പല വിദ്യാര്‍ത്ഥികളും എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. അവര്‍ വളരെ ചെറിയ കുട്ടികളാണ്, അതിനാല്‍ അവരുടെ കുടുംബം ഒപ്പമുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ അവരെ പ്രവേശിപ്പിക്കുകയുള്ളൂ. ഇന്ന് എന്നെ വിളിച്ച രണ്ട് കുട്ടികള്‍ അത്രമാത്രം നിരാശയിലായിരുന്നു. വിഷമിക്കേണ്ടതില്ലെന്നും ഇത് ലോകാവസാനമല്ലെന്നും ഞാന്‍ അവരോട് പറയാന്‍ ശ്രമിച്ചു’- സുധി വ്യക്തമാക്കി.

കേരളത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതി ഉപരിപഠനത്തിനു യോഗ്യത നേടാതിരുന്നത് 2236 പേര്‍ മാത്രമാണ്. ഇവരെല്ലാംകൂടി വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനും സുധിക്ക് ഉത്തരമുണ്ട്: ‘എന്റെ തന്നെ സ്ഥാപനമല്ലേ, ഗസ്റ്റ് ഇല്ലാത്തപ്പോ അവര്‍ക്കും ഇടംനല്‍കാന്‍ വിഷമമില്ല.

പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുധിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ നിതിന്‍ എഎഫ് പറയുന്നു. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് മതാപിതാക്കള്‍ കുട്ടികളില്‍ അനാവശ്യ സമര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. കുട്ടികളില്‍ വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വ്യക്തിയുടെ വിജയവും പരാജയവുമൊന്നും വിദ്യാഭ്യാസമല്ല നിര്‍ണയിക്കുന്നതെന്നും നിതിന്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button