‘അവസരം തരണമെങ്കില്‍ കൂടെ കിടക്കണം’ സിനിമ വിടാനുള്ള കാരണം വെളിപ്പെടുത്തി ഫഹദിന്റെ നായിക
ചെന്നൈ:സിനിമയുടെ ഗ്ലാമറിന്റേയും ആഘോഷത്തിന്റേയും ലോകത്തിന് പിന്നില്‍ ഇരുണ്ടൊരു ലോകം ഒളിഞ്ഞിരിക്കുന്നുണ്ട്. മതിയായ ബന്ധങ്ങളും പാരമ്പര്യത്തിന്റെ പിന്‍ബലമോ ഇല്ലാതെ കടന്നു വരുന്നവര്‍ക്ക് അവിടെ പിടിച്ചു നില്‍ക്കുക എളുപ്പമല്ല. സിനിമയുടെ ചതിക്കുഴികളില്‍ വീണ് കരിയറും ജീവിതവുമെല്ലാം നശിച്ചു പോയവര്‍ നിരവധിയാണ്. കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്‌നങ്ങള്‍ ഇന്നും നേരിടേണ്ടി വരുന്നുവെന്നത് വലിയ ദുരിതമാണ്.
ഭാഷയുടേയും ദേശത്തിന്റേയും ഭിന്നതകളില്ലാതെ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്ന തുറന്നു പറച്ചിലുകളും ചര്‍ച്ചകളും മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്ത് കൊണ്ടു വന്നത്. പലപ്പോഴും ബന്ധങ്ങളൊന്നുമില്ലാതെ സിനിമയിലേക്ക് കടന്നു വരുന്നവര്‍ക്കാണ് ഇത്തരം ദുരിതങ്ങള്‍ നേരിടേണ്ടി വരിക. എന്നാല്‍ താരങ്ങളുടെ മക്കളെ പോലും ചിലപ്പോള്‍ വേട്ടയാടിയേക്കാം.
കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനെക്കുറിച്ച് താരപുത്രിമാരും മുന്‍നിര താരങ്ങളുമെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ഇഷ ഷര്‍വാണി. താന്‍ അഭിനയിക്കുന്നത് അവസാനിപ്പിക്കാനുണ്ടായ കാരണം കാസ്റ്റിംഗ് കൗച്ച് ആണെന്നാണ് ഇഷ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷയുടെ തുറന്നു പറച്ചില്‍.
”ഒരിക്കല്‍ എന്നോട് ഒരാള്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. ആ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അയാളുടെ കൂടെ കിടക്കണമത്രെ. എനിക്കൊപ്പം കിടന്നാല്‍ അഭിനയിക്കാമത്രെ. അതുകൊണ്ടാണ് ഞാന്‍ അഭിനയിക്കുന്നത് നിര്‍ത്തിയത്.” എന്നാണ് ഇഷ പറഞ്ഞത്. ഇതോടെ അഭിനയം നിര്‍ത്തിയ ഇഷ ഇപ്പോള്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. കേരളത്തിലാണ് താരത്തിന്റെ നൃത്തവിദ്യാലയം. അഭിനയം നിര്‍ത്തിയെങ്കിലും സോഷ്യല്‍ മീഡിയിയല്‍ സജീവമാണ് ഇഷ.
2005 ല്‍ കിസ്‌ന എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡിലെത്തുന്നത്. പിന്നീട് റോക്കി, ഗുഡ് ബോയ് ബാഡ് ബോയ്, ലക്ക് ബൈ ചാന്‍സ്, മാട്രാന്‍, ഡേവിഡ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ദില്‍ ബേച്ചാരയിലെ അതിഥി വേഷത്തിലാണ് ഇഷ ഒടുവിലായി അഭിനയിച്ചത്. ജലക് ദിക്കലാ ജാ സീസണ്‍ 5 ലെ ടോപ് ത്രീയിലെത്തിയ മത്സരാര്‍ത്ഥിയുമായിരുന്നു ഇഷ. ഹിന്ദിയില്‍ സജീവമായ ഇഷ തമിഴിലും മലയാളത്തിലും അഭിനയിച്ചത്.
മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ഇഷ ഷര്‍വാണി. അഞ്ച് സുന്ദരികളിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഡബിള്‍ ബാരല്‍, ഇയോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇഷയെ മലയാളികള്‍ അടുത്തറിയുന്നത്. ഇയോബിന്റെ പുസ്തകത്തില്‍ ഫഹദിന്റെ നായികയായി അഭിനയിച്ച് കയ്യടി നേടിയിരുന്നു ഇഷ.