കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത് പറവൂരുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഉദോഗസ്ഥരില്‍ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
രണ്ടര മണിക്കൂറോളം കാത്തിരുന്ന് ഇദ്യോഗസ്ഥരെ നേരില്‍ കണ്ടപ്പോള്‍ ‘ഇറങ്ങിപ്പോ’ എന്നും ‘ആര് പറഞ്ഞു പൊങ്കാലയിടാന്‍?’ എന്നൊക്കെയായിരുന്നു പ്രതികരണമെന്ന് വീഡിയോയില്‍ ആരോപിക്കുന്നു. പ്രൈവറ്റ് ആശുപത്രിയിലെ ജീവനക്കാര്‍ കൊറോണ സംശയത്തെതുടര്‍ന്ന് എത്തിയപ്പോഴായിരുന്നു ഈ പെരുമാറ്റം. ‘ഞങ്ങള്‍ ആരെയും വിളിച്ച് വരുത്തിയതല്ല’, ‘നിങ്ങള്‍ക്ക് പ്രൈവറ്റ് ഹോസ്പിറ്റലില്‍ പോകാന്‍ മേലായിരുന്നോ?’ എന്നെല്ലാമാണ് ആശുപത്രിയിലെ സൂപ്രണ്ടിന്റെ ചോദ്യം.
ഇത്തരം രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വരരുത് എന്നാണോ മാഡം പറയുന്നത് എന്ന് ചോദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നോക്കിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റുന്നതും വിഡിയോയില്‍ കാണാം.