ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; ഫേസ്ബുക്ക് ഓഫീസ് അടച്ചു
വാഷിംഗ്ടണ്‍: ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഓഫീസ് അടച്ചു. അമേരിക്കന്‍ സംസ്ഥാനമായ വാഷിംഗ്ടണിലെ സിയാറ്റിലുള്ള ഫേസ്ബുക്ക് ഓഫീസാണ് ഈ മാസാവസാനം വരെ അടച്ചിടാന്‍ തീരുമാനിച്ചത്. ഓഫീസിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിയെടുക്കാനാണ് നിര്‍ദ്ദേശം.
ഈ ആഴ്ച സിയാറ്റിലില്‍ നിന്ന് രണ്ടാമത്തെ കൊറോണ പോസിറ്റീവ് കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 21നാണ് ഇയാള്‍ അവസാനമായി ഓഫീസില്‍ എത്തിയത്. സ്റ്റേഡിയം ഈസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഫേസ്ബുക്ക് മുഖ്യവക്താവ് ട്രേസി ക്ലെയ്ടണ്‍ പറഞ്ഞു.
മറ്റു ജീവനക്കാര്‍ക്ക് ഇതേപ്പറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവരുടെ സുരക്ഷ കണക്കിലെടുത്ത് പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ട്രേസി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 31 വരെ ജീവനക്കാര്‍ വീടുകളിലിരുന്നാണ് ജോലിയെടുക്കേണ്ടത് എന്നും കിംഗ് കൗണ്ടി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ, സിയാറ്റിലെ ആമസോണ്‍ ആസ്ഥാനത്തെ ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആമസോണ്‍ നേരത്തെ പുറത്തു വിട്ടിരുന്നു. ഇറ്റലിയിലെ രണ്ട് ആമസോണ്‍ ജീവനക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.