ഇതാണ് എന്റെ വാപ്പ.. നിങ്ങുടെ നൗഷാദിക്ക; നൗഷാദിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി മകളുടെ ഫേസ്ബുക്ക് ലൈവ്
പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് തന്റെ കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ നല്‍കി അകമഴിഞ്ഞ് സഹായിച്ച് ലോകജനതയ്ക്ക് ഒന്നടങ്കം മാതൃകയായ വ്യക്തിയാണ് നൗഷാദ്. നൗഷാദിനെ പരിചയപ്പെടുത്തി മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നൗഷാദിന്റെ പുണ്യപ്രവര്‍ത്തിയെ നേരിട്ടും അല്ലാതെയും നിരവധി പേരാണ് അഭിനന്ദിച്ചത്. ഇന്നലെ മുതല്‍ നൗഷാദിന്റെ വീട്ടില്‍ ഫോണ്‍കോളുകളുടെ ബഹളം തന്നെയാണ്. ഇതിനിടെയാണ് മലയാളികളുടെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായി മാറിയ നൗഷാദിനെ പരിചയപ്പെടുത്തി മകള്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്.
”ഇതാണ് എന്റെ വാപ്പ..നിങ്ങളുടെ നൗഷാദിക്ക.. ഇന്നലെ മുതല്‍ വാപ്പയെ വിളിക്കുവാ ഫോണില്‍ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നു നേരിട്ട് വീട്ടിലേക്കെത്തിയതെന്ന് മകള്‍ വീഡിയോയില്‍ പറയുന്നു. ഒരേ ഒരു ദിവസം കൊണ്ടാണ് തന്റെ വാപ്പ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറിയത്. എന്നാല്‍ ഞങ്ങള്‍ ചെറുപ്പം മുതല്‍ കാണുന്നത് ഇങ്ങനെയുള്ള വാപ്പയെ തന്നെയാണെന്നും മകള്‍ വ്യക്തമാക്കി.
വാപ്പ എല്ലാരെയും സഹായിക്കും. അതുകൊണ്ട് ഇതൊന്നും ഒരു വലിയ കാര്യമായോ പ്രത്യേകതയായോ കാണുന്നില്ലെന്നും മകള്‍ പറയുമ്പോള്‍ സ്വന്തം കഴിവനുസരിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു നൗഷാദ്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ ദയവായി സഹായിക്കണം. കയ്യിലുള്ളത് കൊടുക്കണമെന്നും എല്ലാവരോടും കരുണയുള്ളവരായിരിക്കണമെന്നുമായിരുന്നു നൗഷാദിന്റെ വാക്കുകള്‍.