ബി.ജെ.പി.ക്കെതിരേ പോസ്റ്റിട്ടു, കവി കെ. സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കി
ന്യൂഡൽഹി:കവി കെ. സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കി. കേരളത്തിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടുവീഡിയോകൾ പോസ്റ്റു ചെയ്തതിനെത്തുടർന്നാണ് നടപടിയെന്ന് പറയുന്നു.
വാട്‌സാപ്പിൽ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താൻ പോസ്റ്റുചെയ്തതെന്നും വിലക്കുസംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ഫെയ്‌സ്ബുക്കിൽ അറിയിപ്പു ലഭിച്ചതായും സച്ചിദാനന്ദൻ പറഞ്ഞു.
24 മണിക്കൂർ നേരത്തേക്ക് പോസ്റ്റുചെയ്യുന്നതും കമന്റിടുന്നതും ലൈക്കടിക്കുന്നതുമൊക്കെ വിലക്കിയിരിക്കുന്നു. 30 ദിവസം ഫെയ്‌സ്ബുക്കിൽ ലൈവായി പ്രത്യക്ഷപ്പെടരുതെന്നും നിർദേശമുണ്ട്. മോദി സർക്കാരിനെ വിമർശിക്കുന്ന ലാൻസെറ്റിന്റെ ലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റുചെയ്യാൻ ശ്രമിച്ചപ്പോഴുള്ള മറുപടി അത് ഫെയ്‌സ്ബുക്കിലെ മറ്റുള്ളവർ അധിക്ഷേപകരമെന്നു പറഞ്ഞിട്ടുണ്ടെന്നായിരുന്നു.
ഫലിതംനിറഞ്ഞ ഒരു കമന്റിന് ഏപ്രിൽ 21-ന് തനിക്ക് താക്കീത് കിട്ടിയിരുന്നായും മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ആരെയും അധിക്ഷേപിക്കുന്നതരത്തിൽ പോസ്റ്റുചെയ്തിട്ടില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവർ നിരീക്ഷിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ വിലക്കെന്നും അദ്ദേഹം പ്രതികരിച്ചു.