ന്യൂയോര്‍ക്ക്: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള നൂറോളം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ചെക്ക് പോയിന്റ് റിസര്‍ച്ചാണ് ആപ്പുകളുടെ സുരക്ഷാ വീഴ്ചയെപ്പറ്റി മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. 2014 മുതല്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ലെന്നാണ് റിസര്‍ച്ചിലെ കണ്ടത്തല്‍. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും ഒപ്പം വീചാറ്റ്, വിവിധ യാഹൂ ആപ്പുകള്‍, ഷെയര്‍ഇറ്റ്, സ്മൂള്‍ തുടങ്ങിയ ആപ്പുകളിലാണ് സുരക്ഷാ വീഴ്ചയുള്ളത്. ഫേസ്ബുക്ക് പോസ്റ്റുകള്‍, ഇന്‍സ്റ്റഗ്രാമിലെ ലൊക്കേഷനും മറ്റു വിവരങ്ങളും, വീ ചാറ്റിലെ മെസേജുകള്‍ എന്നിവയൊക്കെ വേഗം ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു. 2014, 2015, 206 കാലഘട്ടങ്ങളില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ആപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.
ഇസ്രായേല്‍ ചാര വൈറസായ പെഗാസസ് നേരത്തെ 1400 വാട്‌സപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. 100ലധികം ഇന്ത്യക്കാരുടെ വിവരങ്ങളും ചോര്‍ത്തിയതില്‍ ഉള്‍പ്പെട്ടിരുന്നു. പലപ്പോഴും സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരിടമാണ് ഫേസ്ബുക്ക്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി പൊളിറ്റിക്കല്‍ ക്യാമ്പയിനുകള്‍ക്ക് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു.