ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
രാജ്യത്തിന്റെ തുടർനടപടികൾ ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ. അൽപ്പസമയം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട ‘ഉച്ചത്തിലുള്ള സ്‌ഫോടനം’ ഉദ്യോഗസ്ഥർ നടത്തിയ നിയന്ത്രിത സ്‌ഫോടനമാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്ന് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി.
ജാഗ്രതയെ തുടർന്ന് ലണ്ടൻ അധികൃതർ ഗാറ്റ്വിക്ക് വിമാനത്താവളം ഒഴിപ്പിച്ചു. നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ റൂട്ടുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ച് നിരവധി റെയിൽ സർവീസുകളും ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ നിർത്തില്ലെന്ന് അറിയിച്ചു. വിമാനത്താവളത്തിലെത്തിയ ലഗേജിൽ സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് ജാഗ്രതയെന്നും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രിത സ്‌ഫോടനം എന്നത് സുരക്ഷാ ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡുകൾ, നിയമ ഉദ്യോഗസ്ഥർ അല്ലെങ്കിൽ സൈന്യം നടത്തുന്ന ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സ്‌ഫോടനമാണ്. ഒരു വസ്തുവിനെയോ ഘടനയെയോ നശിപ്പിക്കുന്നതിനോ നിർവീര്യമാക്കുന്നതിനോ ആണ് ഇത് ചെയ്യുന്നത്, അതേസമയം ആളുകൾക്കോ സ്വത്തിനോ ഉദ്ദേശിക്കാത്ത നാശമോ ദോഷമോ കുറയ്ക്കുന്നു.