തോക്കുപാറ: ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് പിടിയില്‍. പ്രധാന പ്രതിയടക്കം രണ്ടു പേര് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു.
രാജാക്കാട് നാരകത്തനാംകുന്നേല്‍ ജിബിനെയാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാറ്റ് കേന്ദ്രത്തിന്റെ ഉടമ തോക്കുപാറ പുതുവ സണ്ണി, രാജാക്കാട് മണ്ണാമറ്റത്തില്‍ സുരേഷ് എന്നിവരാണ് ഓടി രക്ഷപെട്ടത്.
അറസ്റ്റിലായ പ്രതി പോലീസുകാരന്റെ കൈ കടിച്ചു മുറിച്ച് രക്ഷപെടാന്‍ ശ്രമിച്ചെന്നു പോലീസ് പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍ ടോമിനെയാണ് ആക്രമിച്ചത്. മൂന്നാര്‍ ഡിവൈ.എസ്.പി: രമേശ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ 950 ലിറ്റര്‍ കോട മിശ്രിതം, വിറക് അടുപ്പ്, ഗ്യാസ് അടപ്പ് എന്നിവയടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍, ബാരലുകള്‍, നാടന്‍ തോക്ക് (എയര്‍ഗണ്‍) തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു.