ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളവര്‍ക്ക് അന്തര്‍സംസ്ഥാന കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം
ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തുന്നതിനിടെ ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഗുണ്ടാ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകന്‍ ഡെല്‍വിന്‍ ജോസഫ്(21) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോട്ടമുറിയ്ക്ക് സമീപമായിരിന്നു സംഭവം.
രാത്രി ഒരു മണിയോടെ കോട്ടമുറി ഭാഗത്ത് പട്രോളിംഗ് നടത്തുന്ന സമയത്ത് സംശയകരമായ രീതിയില്‍ കണ്ടത് ചോദ്യം ചെയ്തതോടെ സംഘം പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഭാഗ്യത്തിനാണ് പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോള്‍ കൂടാതെ വടിവാളുകളും കണ്ടെടുത്തിയിരിന്നു. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തലവന്‍ നീണ്ടൂര്‍ സ്വദേശി ജോര്‍ജ് കുട്ടിയുടെ സംഘത്തിലുള്‍പ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.