CricketHome-bannerSports

ലോകകപ്പിന് ഇത്തവണ പുതിയ അവകാശി, ഇംഗ്ലണ്ട്- ന്യൂസിലാൻഡ് ഫൈനലിൽ

എജ്ബാസ്റ്റണ്‍: ഐ.സി.സി ലോകകപ്പിന് ഇത്തവണ പുതിയ അവകാശികൾ കരുത്തരായ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ന്യൂസിലാൻഡുമായുള്ള കലാശ പോരാട്ടത്തിന് യോഗ്യത നേടി. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ ഞായറാഴ്ച ഫൈനൽ നടക്കും. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ രണ്ടു ടീമുകളും ഫൈനലിലെത്തിയിട്ടില്ല. രണ്ടുവട്ടം ചാമ്പ്യന്മാരായ ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നതെങ്കില്‍ മറ്റൊരു മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ന് ഇംഗ്ലണ്ടും ഫൈനലിലെത്തി.

എജ്ബാസ്റ്റണില്‍ നടന്ന സെമിയിൽ ആധികാരികമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. കളിയുടെ ഒരു ഘട്ടത്തിലും ഓസീസിനു മേല്‍ക്കൈ നേടാന്‍ ഒരവസരം പോലും നല്‍കാതെയാണ് ആതിഥേയർ എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടിയത്.

ഓസീസ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 32.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഗ്രൗണ്ടിലെത്തിയ നാല് ബാറ്റ്‌സ്മാന്മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേതൃത്വം നല്‍കിയ ഓസീസ് ബൗളിങ് നിരയ്ക്ക് കാഴ്ചക്കാരാവാനേ കഴിഞ്ഞുള്ളൂ.65 പന്തില്‍ 85 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ വിജയശില്പി വേണമെങ്കില്‍ പറയാം. ജോ റൂട്ട് (49), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (45), ജോണി ബെയര്‍സ്‌റ്റോ (34) എന്നിവരും അവസരത്തിനൊത്തുയർന്നു.

സ്റ്റാര്‍ക്ക് ഒമ്പതോവറില്‍  70 റണ്‍സ് വഴങ്ങി. നഥാന്‍ ലിയോൺ അഞ്ചോവറില്‍ 49 റണ്‍സും വിട്ടു കൊടുത്തു.  ബാറ്റിങ്ങില്‍ തിളങ്ങിയ സ്റ്റീവന്‍ സ്മിത്തിന് ബൗളിംഗിൽ പിഴച്ചു.  ഒരോവറില്‍ 21 റണ്‍സാണ് സ്മിത്തിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കം മുതൽ പിഴച്ചു.

മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്  അര്‍ധസെഞ്ചുറി നേടിയെങ്കിലും ഓസീസിന്റെ മുൻനിര ബാറ്റിംഗ് ലൈനപ്പ് ചീട്ടുകൊട്ടാരം പോലെ തകർന്നു. ലോകകപ്പിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാർണർക്ക് മത്സരത്തിൽ ഒന്നും ചെയ്യാനായില്ല. ഒരു വശത്ത്  വിക്കറ്റുകൾ പൂർണമായി കൊഴിയുന്നതിനിടെ 119 പന്തില്‍ ആറ് ഫോര്‍ മാത്രം അടിച്ചാണ് സ്മിത്ത് 85 റണ്‍സ് നേടിയത്.ഒടുവില്‍ 48 ഓവറിലെ ആദ്യ പന്തില്‍ സ്മിത്ത് പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ 217. പിന്നീട് ആറ് റണ്‍സ് മാത്രമാണ് ചേര്‍ക്കാനായത്.

സ്മിത്തിനു പുറമേ 70 പന്തില്‍ 46 റണ്‍സ് നേടിയ അലക്സ് കാരിയുടെ പ്രകടനമാണ് ഓസീസിനെ നാണക്കേടില്‍ നിന്നു കരകയറ്റിയത്.. ഗ്ലെന്‍ മാക്സ്വെല്‍ (22), മിച്ചല്‍ സ്റ്റാര്‍ക്ക് (29) എന്നിവരും രണ്ടക്കം കടന്നു .

6.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 14 എന്ന അവസ്ഥയില്‍ നിന്നാണ് 117 റണ്‍സ് വരെ സ്മിത്തും കാരിയും ഓസിസിനെ ഭേദപ്പെട്ട സ്കോറിൽ  എത്തിച്ചത്. പിന്നീട് കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അവസാനം വരെ സ്മിത്ത് പൊരുതി.

എട്ടോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ വോക്സ്  ഓസിസിന്റെ നടുവൊടിച്ചു. ആദില്‍ റഷീദ് 10 ഓവറില്‍ 54 റണ്‍സ്  വിട്ടുകൊടുത്തെങ്കിലും മൂന്ന് വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി വിജയത്തിൽ തങ്ങളുടെ പങ്കും എഴുതിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker