കൊച്ചി:വായ്പകളുടെ ഇഎംഐ അടച്ചു കൊണ്ടിരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യം നിര്‍ബന്ധമായും നിങ്ങളറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇഎംഐ അടയ്‌ക്കേണ്ട തീയ്യതി അവധി ദിവസമാണ് വരുന്നതെങ്കില്‍ അത് കഴിഞ്ഞുള്ള പ്രവര്‍ത്തി ദിവസമാണല്ലോ സാധാരണ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ചെയ്യുക.
ആഴ്ചാവസാനമോ മറ്റ് ബാങ്ക് അവധി ദിവസങ്ങളോ ആണെങ്കില്‍ അപ്പോള്‍ ലോണടവിന് ഒന്നോ രണ്ടോ ദവസം നമുക്ക് അധികം ലഭിയ്ക്കും എന്നതൊരു നേട്ടമായിരുന്നു. എന്നാല്‍ ഇനി അത് നടക്കില്ല. ആഗസ്ത് ഒന്ന് മുതല്‍ ഏത് തീയ്യതിയാണോ ഇഎംഐ അടയ്‌ക്കേണ്ടത്, അന്ന് അവധി ദിവസമാണെങ്കില്‍ പോലും നിങ്ങളുടെ അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും.
ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം ബാങ്ക് അവധി ദിവസങ്ങളിലും ലഭ്യമാക്കുവാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ തീരുമാനം ആഗസ്ത് 1 മുതല്‍ നടപ്പിലാകുന്നതോടെയാണ് ഈ മാറ്റം. നിലവില്‍ ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ മാത്രമാണ് ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം പ്രവൃത്തിക്കുന്നത്. എന്നാല്‍ ആഗ്‌സ്ത് 1 മുതല്‍ എല്ലാ ദിവസവും ഈ സംവിധാനം പ്രവര്‍ത്തനക്ഷമമായിരിക്കും. അതോടെ വായ്പാ അടവും ഇനി എല്ലാ ദിവസവും ബാങ്കുകള്‍ക്ക് പിടിയ്ക്കാം.
അവധിയാണെങ്കില്‍ അതിന് തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ തന്നെ വായ്പാ തുക അക്കൗണ്ടില്‍ അടയ്ക്കുന്ന പലരും നമുക്കിടയിലുണ്ട്. ഇനി ആ രീതി ഒഴിവാക്കേണ്ടി വരും. ഇഎംഐ ഈടാക്കുന്ന തീയ്യതി കണക്കാക്കി നമ്മുടെ അക്കൗണ്ടില്‍ മതിയായ തുക ഉണ്ടായിരിക്കേണ്ടതുണ്ട്.
അഥവാ ഇഎംഐ തുകയ്ക്ക് കണക്കായ തുക അക്കൗണ്ടില്‍ ഇല്ല എങ്കില്‍ അടവ് മുടങ്ങുകയും ഇതിന്റെ പിഴ ഉപയോക്താവ് നല്‍കേണ്ടതായും വരും. എന്നാല്‍ ഇതുവഴി ചെറിയൊരു ലാഭം കൂടിയുണ്ട്. സാധാരണ ഇഎംഐ തീയ്യതി കഴിഞ്ഞ് അടുത്ത ദിവസമാണ് പണം അടയ്ക്കുന്നത് എങ്കില്‍ ആ ഒരു ദിവസത്തെ പലിശ കൂടി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാറുണ്ട്. എന്നാല്‍ ഇനി കൃത്യ ദിവസം തന്നെ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റു ചെയ്യുന്നതിനാല്‍ ആ അധിക പലിശ നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കും. അക്കൗണ്ടില്‍ കൃത്യമായി പണം ഉണ്ടായിരിക്കേണ്ടതുണ്ട് എന്നത് മാത്രമാണ് നാം ഓര്‍ക്കേണ്ട കാര്യം.
ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം നടപ്പിലാക്കുന്നതോടെയുള്ള മറ്റൊരു നേട്ടം ശമ്ബളം, പെന്‍ഷന്‍ എന്നിവ കൈയ്യിലെത്തുന്നതിനായി അവധി ദിവസങ്ങള്‍ കഴിയുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്നതാണ്. അവധിയാണെങ്കിലും പണം നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയിരിക്കും.