കൊല്ലം: ഇഎംസിസി എംഡി ഷിജുവര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചത് ഷിജു വര്‍ഗ്ഗീസിന്റെ തന്നെ കൊട്ടേഷന്‍ സംഘമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഷിജു വര്‍ഗീസിനെ പോലീസ് ഇന്ന് ഗോവയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കേസില്‍ ഇയാളും പ്രതിയാകുമെന്നും കാര്‍ കത്തിക്കാന്‍ ഗൂഢാലോചന നടത്തിയത് ഷിജു വര്‍ഗീസാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ നേരത്തെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം രാവിലെയാണ് ഇ.എം.സി.സി. ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായത്.
സംഭവത്തില്‍ ഷിജുവര്‍ഗീസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന് പിന്നില്‍ ഷിജുവര്‍ഗീസ് തന്നെയാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മേഴ്‌സിക്കുട്ടിയമ്മയാണ് ആദ്യം ആരോപണമുന്നയിച്ചത്. ബോധപൂര്‍വം ആക്രമണം നടത്തി ഇത് എല്‍ഡിഎഫ് ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഷിജുവര്‍ഗീസ് ശ്രമിച്ചതെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണം. ഈ ആരോപണം ശരിവെക്കുന്നതാണ് പോലീസ് കണ്ടെത്തല്‍.