കാലിഫോര്‍ണിയ: അർഹരല്ലെങ്കിൽ തങ്ങളുടെ സമ്പാദ്യം മക്കൾക്ക് കൈമാറുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. സ്ഥാപനം നോക്കി നടത്തുന്നതില്‍ മക്കള്‍ക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സമ്പാദ്യത്തിന്‍റെ പങ്ക് നല്‍കരുത്. അത് തെറ്റായ പ്രവണതയാണെന്നും കമ്പനിക്കുള്ളിൽ തന്നെ യോഗ്യരായ വ്യക്തികൾക്ക് കമ്പനിയിലെ ചുമതലകൾ കൈമാറുന്നതാണ് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും മസ്ക് പറഞ്ഞു.
കമ്പനികൾ കൈകാര്യം ചെയ്യാനാകാതെ വന്നാൽ കമ്പനിയുടെ ചുമതലകൾ കൈമാറേണ്ടത് ആർക്കൊക്കെയാണെന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മസ്ക് പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന് അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച പരാമർശം മസ്‌ക് നടത്തിയിരുന്നത്.
വിവിധ പങ്കാളികളിലായി മസ്‌കിന് ഒമ്പത് മക്കളാണുള്ളത്. മസ്കിന്റെ മക്കളിൽ മൂത്തയാൾക്ക് 19 വയസാണുള്ളത്. തന്റെ മൂന്ന് വയസുള്ള മകനായ X AE A-XIIയെ മസ്ക് ഇടക്കിടെ ചില പരിപാടികളിൽ കൊണ്ടുവരാറുണ്ട്. ഇതിന് പുറമേ ഈ മകന് മസ്‌ക് തന്റെ പ്രത്യേക ട്വിറ്റർ ബാഡ്ജ് നൽകിയത് വാർത്തയായിരുന്നു.
എന്നാല്‍ എല്ലാ മക്കളുമായും മസ്കിന് അടുപ്പമില്ല. അടുത്തിടെയാണ് മസ്കിന്‍റെ മൂത്ത പെണ്‍കുട്ടി കുട്ടി തന്റെ പേരിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്ന അപേക്ഷ കോടതിയില്‍ നൽകിയത്. പിതാവുമായി യാതൊരു ബന്ധവും വേണ്ട എന്ന നിലപാടിലാണ് ട്രാൻസ് ജെൻഡറായ 18 കാരിയുള്ളത്
തന്റെ കുട്ടിക്കാലത്തെ കുറിച്ച് മസ്ക് തുറന്നു പറഞ്ഞത് അടുത്തിടെയാണ്. തന്റെ കുട്ടിക്കാലം കഷ്ടത നിറഞ്ഞതായിരുന്നുവെന്ന് ഇലോൺ മസ്ക് വിശദമാക്കിയിരുന്നു. ഹൈസ്കൂളിന് ശേഷം പിതാവ് ഒരിക്കലും സാമ്പത്തികമായി തന്നെ പിന്തുണച്ചിട്ടില്ലെന്നും മസ്ക് പറഞ്ഞു. മസ്‌കിന്റെ അമ്മ മെയ് മസ്‌കും മകന്റെ ട്വീറ്റിന് പിന്തുണയുമായെത്തിയിട്ടുണ്ട്.
1989-ൽ തങ്ങൾ ഒരു കിടപ്പുമുറി അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. നേരത്തെ മസ്‌കിന്റെ പിതാവിന് ദക്ഷിണാഫ്രിക്കയിൽ ഒരു മരതക ഖനി ഉണ്ടെന്നും ഇതിലെ വരുമാനമാണ് മസ്കിനെ ഫണ്ടിങ്ങിനായി സഹായിച്ചതെന്നുമുള്ള കിംവദന്തി ഉയർന്നിരുന്നു.
എന്നാല്‍ മസ്‌ക് ഈ കിംവദന്തി നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെയാണ് കുട്ടിക്കാലത്തെ കഷ്ടപ്പാട് വിശദമാക്കുന്ന ട്വീറ്റ് മസ്ക് പങ്കു വച്ചത്. താഴ്ന്ന ഇടത്തരം വരുമാനമുള്ള ഒരു കുടുംബത്തിലാണ് താൻ വളർന്നത്. പീന്നിടാണ് ഇടത്തരം കുടുംബ സാഹചര്യത്തിലേക്ക് മാറിയത്. പാരമ്പര്യമായി ഒന്നും നേടിയിട്ടില്ലെന്നും കിംവദന്തികൾ സൂചിപ്പിക്കുന്നത് പോലെ ‘മരതക ഖനി’ യിലെ വരുമാനം വഴി പിതാവ് സാമ്പത്തികമായി തന്നെ പിന്തുണച്ചിട്ടില്ലെന്നും മസ്ക് ട്വീറ്റില്‍ വിശദമാക്കിയിരുന്നു.