സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ കൈമാറിയില്ല; ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരം നല്‍കാത്തതില്‍ ബി.ജെ.പി.ക്ക് വീണ്ടും മുന്നറിയിപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസ് വിവരങ്ങള്‍ രണ്ടുതവണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസ് വിവരം ഏതെങ്കിലും ഒരു പത്രത്തില്‍ മൂന്നുതവണയോ മൂന്നുദിനപത്രങ്ങളില്‍ ഓരോ തവണയോ പ്രസിദ്ധീകരിക്കണമെന്നാണ് നിബന്ധന. ചാനലുകളിലും വിവരം സംപ്രേഷണം ചെയ്യണം. രാവിലെ എട്ടിനും രാത്രി പത്തിനുമിടയില്‍ ഏഴുസെക്കന്‍ഡ് എങ്കിലും ദൈര്‍ഘ്യമുള്ള പരസ്യം മൂന്നുവട്ടം നല്‍കണം. പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചിത മാതൃകയില്‍ പരാതിപ്പെടാം.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരുമാസത്തിനകം കേസ് വിവരം പ്രസിദ്ധപ്പെടുത്തിയത് കമ്മിഷനെ അറിയിക്കണം. സ്ഥാനാര്‍ഥികള്‍ ജില്ലാ വരണാധികാരിക്കും പാര്‍ട്ടികള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും വിവരം സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് കൈമാറേണ്ടത്. പ്രസിദ്ധീകരിച്ച പത്രം സഹിതം നിശ്ചിതമാതൃകയിലാണ് വിവരം സമര്‍പ്പിക്കേണ്ടത്.