തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തീയതി എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് അഭിപ്രായം. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട വരുമ്പോള്‍ ചെലവ് കൂടും. തെരെഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ നടത്തുമെന്നുറപ്പിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം സര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ആഗ്രഹിക്കുന്നില്ല. നവംബര്‍ 12ന് മുന്‍പ് പുതിയഭരണ സമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പിന് എന്തൊക്കെ വേണമെന്നായിരുന്നു ഇന്നത്തെ ചര്‍ച്ച. ആരോഗ്യ വകുപ്പ് ഡയറക്ടറും ആരോഗ്യ വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് കമ്മീഷന്‍. വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുണ്ട്. പ്രചരണത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.