ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വി; കേരളത്തിലേത് ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമാകും
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി) സി.പി.ഐക്കുമാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാന്‍ സാധ്യതയുള്ളത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ ഈ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി തുലാസിലായിരിന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എല്ലാ സംസ്ഥാനങ്ങളിലും ഒരൊറ്റ തിരഞ്ഞെടുപ്പ് ചിഹ്നം നിലനിര്‍ത്തണമെങ്കില്‍ ദേശീയ പാര്‍ട്ടി പദവി ആവശ്യമാണ്. ദേശീയ പാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഈ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നോട്ടീസ് നല്‍കും. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.