തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിശദീകരണം നൽകിയാലും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനാണ് ആലോചന. കേസിൽ ഉൾപ്പെട്ടതിന് പുറമേ ഒളിവിൽ പോയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു വിധി പറഞ്ഞേക്കും.
ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടു നിലവിലുമുണ്ട്. എന്നാല്‍ പരാതിക്കാരിക്കു വധഭീഷണിയുണ്ടെന്നായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ വാദം. എംഎല്‍എ സ്ഥാനത്തിരിക്കുന്നവര്‍ക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും.
കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്നലെ തന്നെക്കൂടി കേട്ടശേഷമേ ജാമ്യ ഉത്തരവില്‍ വിധി പറയാവൂ എന്നാവശ്യപ്പെട്ട് ജാമ്യക്കാരി കോടതിയെ സമീപിച്ചിരുന്നു.