NationalNewsPolitics

ഒരു എംഎൽഎയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല, ആരെങ്കിലും ആയി ഉദ്ധവ് താക്കറേ ബന്ധപ്പെടുന്നുണ്ട് എങ്കിൽ പേര് പുറത്ത് വിടൂ, ഷിൻഡെ താക്കറെയോട്

ഗുവാഹത്തി: മുംബൈയിലേക്ക് വൈകാതെ മടങ്ങും എന്ന് ശിവസേന വിമത നേതാവ് ഏകനാഥ ഷിൻഡെ. ഇവിടെയുള്ള ഒരു എംഎൽഎയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല. ആരെങ്കിലും ആയി ഉദ്ധവ് താക്കറേ ബന്ധപ്പെടുന്നുണ്ട് എങ്കിൽ അവരുടെ പേര് പുറത്ത് വിടൂ എന്നും ഷിൻഡെ ആവശ്യപ്പെട്ടു. ഗുവാഹത്തിയിലുള്ള വിമത എംഎല്‍എമാരുമായി ഉദ്ധവ് താക്കറേ അനുനയനീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

അതിനിടെ, മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരവെ ഉദ്ധവ് താക്കറെ സർക്കാറിനെ സമ്മർദത്തിലാക്കി ഗവർണറുടെ നടപടി ഉണ്ടായി. സർക്കാർ താഴെ വീഴുമെന്ന ഭീഷണിക്കിടെ തിരക്കിട്ട് ഉത്തരവുകൾ നടപ്പാക്കിയെന്ന ബിജെപിയുടെ പരാതിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.  വിമത നീക്കം തുടങ്ങിയതോടെ 160ലേറെ സർക്കാർ ഉത്തരവുകൾ നടപ്പാക്കിയെന്നും അതിൽ അഴിമതി ഉണ്ടെന്നുമാണ് ആരോപണം. 

സഭയിൽ അവിശ്വാസം കൊണ്ടുവന്നാൽ അതിനെ മറികടക്കാനാകുമെന്ന പ്രതിക്ഷയിലാണ് ഉദ്ധവ് പക്ഷം ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎഎൽഎമാരുമായി  ഇപ്പോഴും ചർച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അവിശ്വാസമല്ല ഉദ്ധവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്പും ഇന്ന് ആവശ്യപ്പെട്ടു. 

വിമത എംഎൽഎമാർക്ക് താത്കാലിക ആശ്വാസമായി ഇന്നലെ സുപ്രീംകോടതി ഉത്തരവ് വന്നിരുന്നു. വിമത എംഎൽഎമാർക്കു ഡപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യത നോട്ടിസിനു മറുപടി നൽകാൻ  ജൂലൈ 12 വരെ സാവകാശം സുപ്രീം കോടതി അനുവദിച്ചു. ഹർജിയിൽ മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർക്കും ശിവസേന കക്ഷി നേതാക്കൾക്കും കോടതി നോട്ടിസ്  അയച്ചു.

നിയമസഭാ കക്ഷി നേതൃസ്ഥാനത്ത്  ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം തള്ളിയതും ചോദ്യം ചെയ്താണ് ഏകനാഥ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള 16 എംഎല്‍എമാര്‍ സുപ്രീംകോടതിയിലെത്തിയത്.  ഡപ്യൂട്ടി സ്പീക്കറെ നീക്കുന്നതിൽ തീരുമാനമാകുന്നതുവരെ എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ രണ്ടര മണിക്കൂറിലധികം വാദം കേട്ട ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ച് എന്തുകൊണ്ട് ഹർജിക്കാർ ബോംബൈ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന ചോദ്യമാണ് ആദ്യം ഉന്നയിച്ചത്. 

സർക്കാർ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമനടപടികൾക്ക്  സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു. എംഎൽഎമാരുടെ അയോഗ്യത നോട്ടിസിൽ തീരുമാനമെടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികളെ പരാമർശിച്ച് ശിവസേനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി  വാദിച്ചു. ഡെപ്യൂട്ടി സ്പീക്കറിനായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും ഹാജരായി. 

കക്ഷികളുടെ വിവിധ വാദങ്ങൾ കേട്ട് കോടതി ഡെപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനിൽ പ്രഭു എന്നിവർക്കും  നോട്ടിസ് നല്‍കി. കേന്ദ്രസർക്കാരിനോടും നിലപാട് തേടി. എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തിനും സംരക്ഷണം നൽകാനും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker