27.8 C
Kottayam
Sunday, May 5, 2024

കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്ന് ഇഡി, 42 കോടി നിക്ഷേപം മരവിപ്പിച്ചു

Must read

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയെയും മകനെയും ചെന്നൈ ഇഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ചെന്നൈയിലെ ഇഡി ഓഫീസിലേക്ക് വൈകിട്ട് നാല് മണിക്കാണ് മന്ത്രിയും മകൻ ഗൗതം ശിഖമണി എംപിയും എത്തിയത്. ഇന്നലെ ഏഴര മണിക്കൂര്‍ ചോദ്യം ചെയ്തശേഷം മന്ത്രിയെ വിട്ടയച്ചിരുന്നു.  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രാവിലെ കെ പൊന്മുടിയുമായി ഫോണിൽ സംസാരിച്ചു. ഇഡി നടപടികളെ ധൈര്യത്തോടെ നേരിടണമെന്നും താനും പാര്‍ട്ടിയും പൊന്മുടിക്കൊപ്പം ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം പുലർച്ചെ 3.30നാണ് മന്ത്രിയെ ചെന്നൈയിലെ ഇഡി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ വിട്ടയച്ചത്. പുലർച്ചെ വരെയുള്ള നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഡിഎംകെ അഭിഭാഷകൻ ശരവണൻ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 7 മുതൽ 9 ഇടങ്ങളിൽ തുടങ്ങിയ റെയ്ഡിന് ശേഷം ആണ് മന്ത്രിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയത്.

മന്ത്രിയായിരിക്കെ 2006ൽ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി സർക്കാർ ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസ് ജയലളിതയുടെ കാലത്താണ് കെ പൊന്മുടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും പരിശോധന നടത്തുകയായിരുന്നു.

വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇ‍ഡി  അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. സെന്തിൽ ബാലാജി കേസിന് സമാനമായി അഴിമതിരഹിത പ്രതിച്ഛായ ഇല്ലാത്ത മന്ത്രിക്കെതിരെയാണ് നീക്കമെന്ന് ഇഡിക്ക് വാദിക്കാം. എന്നാൽ പട്നയിലെ പ്രതിപക്ഷ യോഗത്തില്‍ ഏറ്റവും അധികം പ്രായോഗിക നിര്‍ദ്ദേശങ്ങൾ വച്ച സ്റ്റാലിനാണ് ഇഡിയുടെ യഥാര്‍ത്ഥ ഉന്നമെന്ന് റെയ്ഡുകളിൽ വ്യക്തമാകുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week