ബെംഗളൂരു:മയക്കുമരുന്ന് പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഒന്‍പതുമണിക്ക് അവസാനിപ്പിച്ച ചോദ്യം ചെയ്യലാണ് ഇന്ന് വീണ്ടും തുടരുക. ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നിന്നും ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റിയിരുന്നു. സുരക്ഷ കണക്കിലെടുത്തായിരുന്നു നടപടി.
ലഹരി മരുന്ന് ഇടപാടിന് ഇറക്കിയ പണം എവിടുന്ന് വന്നു, അതില്‍ ബിനീഷിന്‍റെ പങ്ക് എന്തു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ബിനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 20 പേര്‍ ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. ഇതിലാണ് ആന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടുക. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.
എന്നാല്‍ ബിനീഷ് കോടിയേരിക്കെതിരെ പലതവണയും ആക്ഷേപമുയര്‍ന്നിട്ടുള്ളതില്‍ ഇപ്പോഴത്തെ അറസ്റ്റ് സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ ബാധിക്കില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.