KeralaNews

സ്വര്‍ണ്ണക്കടത്ത്,അറ്റാഷെ ഇന്ത്യ വിട്ടതില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് പങ്ക്,അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണ്. എന്‍ഐഎ അന്വഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടയില്‍ അറ്റാഷെ രാജ്യം വിടുകയായിരുന്നു. വിദേശ കാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ ഇക്കാര്യത്തില്‍ ആദ്യ ഘട്ടം മുതല്‍ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല, എന്ന് ആദ്യമേ വി മുരളീധരന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ കെ സുരേന്ദ്രനും കൂട്ടരും ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാന്‍ ആദ്യം മുതല്‍ ശ്രമിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാന്‍ മുരളീധരന്‍ തയ്യാറായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ യോഗ തീരുമാനമെടുത്തു കേന്ദ്രത്തോട് ആവശ്യപ്പെട്ടാല്‍ മാത്രമേ അന്വഷണം പ്രഖ്യാപിക്കാന്‍ കഴിയൂ എന്ന വിചിത്രമായ വാദമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഉയര്‍ത്തിയത്. പക്ഷേ കേന്ദ്രം എന്‍ഐഎ അന്വഷണം പ്രഖ്യാപിച്ചു.

ഇപ്പോള്‍ അറ്റാഷെയെ ഇന്ത്യയില്‍ നിലനിര്‍ത്താനും അന്വഷണവുമായി സഹകരിപ്പിക്കാനും വിദേശ കാര്യ മന്ത്രാലയം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് മന്ത്രി വ്യക്തമാക്കണം. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമാണ് യു ഇ എ ക്ക്. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധന നടത്താന്‍ വളരെ വേഗമാണ് യൂ എ ഇ അനുമതി നല്‍കിയത്. അറ്റാഷെയെ ഇന്ത്യയില്‍ തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിനോട് യു എ ഇ സഹകരിക്കുമായിരുന്നു. പക്ഷേ അത്തരം ശ്രമം നടത്താന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല എന്നത് ദുരൂഹമാണ്.

വിമാനത്താവളം വഴി അറ്റാഷെ മടങ്ങുമ്പോള്‍, നമ്മുടെ വിദേശ കാര്യ മന്ത്രാലയം നിശബ്ദമായത്, എന്‍ ഐ എ കേസ് ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ്. മുരളീധരന്‍ എന്തുകൊണ്ടാണ് അന്വഷണത്തെ ഭയപ്പെടുന്നത്. മാധ്യമങ്ങളില്‍ നിന്നും മറഞ്ഞു നില്‍ക്കുന്നത്?.

തീവ്രവാദ ബന്ധമുള്ള, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഗുരുതരമായ കേസിന്റെ അന്വഷണം ശരിയായി നടക്കേണ്ടതുണ്ട്. കേസിലെ പ്രതികള്‍ തിരുവനന്തപുരത്തിന് തൊട്ടടുത്തുള്ള തമിഴ്നാട്ടിലേക്ക് കടക്കാതെ, ബിജെപി ഭരിക്കുന്ന കര്‍ണാടകയിലേക്ക് പോയത് നേരത്തെ തന്നെ സംശയാസ്പദമായിരുന്നതാണ്. ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോകാന്‍ മൗനാനുവാദം നല്‍കിയതും കേസ് അന്വഷണം അട്ടിമറിക്കാന്‍ വേണ്ടിയാണ്. ഇതില്‍ ബിജെപി നേതൃത്വത്തിനും വിദേശ കാര്യ സഹമന്ത്രി
വി മുരളീധരനും പങ്കുണ്ട്. കേസ് അട്ടിമറിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണ് എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker