ഫിറോസെ അന്തസില്ലെങ്കില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ നില്‍ക്കരുത്; കെ.വി വാസുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പി.ജെ ഫിറോസിനെ വലിച്ചുകീറി എസ്.കെ സജ്ഷ്
കോഴിക്കോട്: കൂത്തുപറമ്പ് രക്തസാക്ഷി കെ.വി വാസുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ്. ഫിറോസെ അന്തസില്ലെങ്കില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ നില്‍ക്കരുതെന്നും അത് മരണപ്പെട്ടവരെ അധിക്ഷേപിക്കലാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട് കുറേ നാളായില്ലെ, ഇനി എപ്പോഴാണ് ഒരു അനുശോചന കുറിപ്പെഴുതാന്‍ പഠിക്കുകയെന്നും സജീഷ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സജീഷ് ഫിറോസിന്റെ അനുശോചനക്കുറിപ്പിനോടുള്ള തന്റെ വിയോജിപ്പ് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കൂത്തുപറമ്പ് രക്തസാക്ഷി സഖാവ്.റോഷന്റെ പിതാവ് സഖാവ്.വാസുവേട്ടന്റെ മരണത്തിൽ അനുശോചിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. ഫിറോസേ…. അന്തസ്സില്ലെങ്കിൽ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കരുത്.അത് മരണപ്പെട്ടവരെ അധിക്ഷേപിക്കലാണ്…പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാം.. അടുത്തിടെ കേരള ഹൈക്കോടതിയിൽ നിന്നും കണക്കിന് പ്രഹരം ഏറ്റ് വാങ്ങിയിട്ടും പിന്നെയും തുടരുന്ന സ്വമുഖ പ്രചാരണ മുഖപുസ്തക പരിപാടിക്ക് മരണത്തെ ഉപയോഗപ്പെടുത്തരുത്. “മരണപ്പെട്ടു പോയ ഒരാളുടെ മാനസികാവസ്ഥ ” എന്ന നിലയിൽ കുറിക്കപ്പെടുമ്പോൾ മരണത്തിന് മുന്നെ ഒരു തവണയെങ്കിലും അദ്ദേഹത്തോട് സംസാരിച്ചിരിക്കണം. എനിക്ക് മരിച്ചവർക്ക് ജീവൻ നൽകാനുള്ള മൃതസഞ്ജീവനി ഒന്നും അറിയില്ല, അതുണ്ടായിരുന്നെങ്കിൽ ഞാനെന്റെ റോഷൻ മോന്റെ കുഴിമാടം വെട്ടിപ്പൊളിച്ച് ഇനിയും എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐ യുടെയും സമരമുഖത്തേക്ക് അയക്കുമായിരുന്നു എന്ന് പറഞ്ഞ വാസുവേട്ടനെ ഞങ്ങൾക്കറിയാം.. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് DYFI അഖിലേന്ത്യാ പ്രസിഡണ്ട്. സഖാവ്.പി.എ മുഹമ്മദ് റിയാസിനൊപ്പം സ.റോഷന്റെ വീട്ടിലെത്തിയപ്പോൾ വാസുവേട്ടൻ പങ്കുവെച്ചത് നിങ്ങളുടെ കപട രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു. ഫിറോസെ…നാദാപുരത്ത് ലീഗിന് വേണ്ടി ബോംബുണ്ടാക്കുമ്പോൾ ചിതറിത്തെറിച്ച് പോയ അഞ്ച് ചെറുപ്പക്കാരുടെ ശരീര ഭാഗങ്ങൾ ആരുമറിയാതെ സംസ്കരിച്ച് മറവിയുടെ ചതിക്കുഴിയിൽ തള്ളിവിട്ട നിങ്ങളുടെ പ്രസ്ഥാനത്തിന് രക്തസാക്ഷിത്വത്തിന്റെ വിലയറിയില്ല… ഫിറോസിന്റെ അൽപത്തരത്തിന് മറുപടി പറയണമെന്ന് കരുതിയതല്ല, പക്ഷേ ഈ കുറിപ്പ് ഞാൻ സഖാവ് വാസുവേട്ടന് നൽകുന്ന ആദരാഞ്ജലിയാണ്…പിന്നെ ഒരു കാര്യം DYFI കൂത്തുപറമ്പിൽ പരിയാരം മെഡിക്കൽ കോളേജിനെതിരെ സമരം നടത്തിയ കാലത്ത് കോളേജ് നിങ്ങളുടെ യു.ഡി.എഫ് നേതക്കളുടെ സ്വകാര്യ സ്വത്തായിരുന്നു,സർക്കാർ ഭൂമിയിൽ പൊതുപണം ഉപയോഗിച്ച് നിർമ്മിച്ച മെഡിക്കൽ കോളേജെങ്കിൽ,ഇന്ന് പ്രിയപ്പെട്ട രക്തസാക്ഷി റോഷന്റെ പിതാവ് വാസുവേട്ടൻ നമ്മെ വിട്ടുപിരിയുമ്പോൾ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജാണ്”പിണറായി സർക്കാർ ഏറ്റെടുത്ത ഗവൺമന്റ് മെഡിക്കൽ കോളേജ്”. സ്വകാര്യവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ ആഗോളവൽക്കരണ നയത്തിനുമെതിരായ ലോകത്തിലെ തന്നെ ആദ്യ രക്തസാക്ഷിത്വമാണ് കൂത്ത്പറമ്പ് രക്തസാക്ഷിത്വം.അതാണ് ഫിറോസെ DYFI ചെന്നൈ അഖിലേന്ത്യ സമ്മേളനത്തിന്റെ വിലയിരുത്തൽ,അതാണ് നിങ്ങളുടെ പോസ്റ്റിലെ ചിത്രത്തിലും ഉള്ളത്… പോസ്റ്റും മുമ്പ് വായിക്കണം സ്വമുഖപ്രചാരകാ… സഖാവ് വാസുവേട്ടൻ അവസാനമായി ചികിൽസ തേടിയതും വിട്ടുപിരിഞ്ഞതും തന്റെ മകൻ ഉൾപ്പെടെ DYFI നടത്തിയ പോരാട്ടത്തിന്റെ ഉൽപന്നമായി ഗവൺമെന്റ് ഏറ്റെടുത്ത പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.പിന്നെ ഫിറോസെ ഒന്നുകൂടി പറയാം കെ.വി.വാസു എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാരന്റെ നിലപാടും മനക്കരുത്തും അറിയണമെങ്കിൽ “ചത്തകുതിര”യെന്ന് ജവഹർലാൽനെഹ്‌റു വിശേഷിപ്പിച്ച മുസ്ലിം ലീഗിൽ നിന്നും നിങ്ങൾ പഠിച്ച ചരിത്രബോധം മതിയാവില്ല.RSS ആസൂത്രണം ചെയ്ത തലശേരി കലാപകാലത്ത് തൊക്കിലങ്ങാടിയിൽ സഘടിച്ചെത്തിയ RSS കാർ ആയുധങ്ങളുമായി മുസ്ലീങ്ങളെ ആക്രമിക്കാനിറങ്ങിയപ്പോൾ നെഞ്ചൂക്കോടെ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ സഖാവ്,ഇരുവിഭാഗം കലാപകാരികൾ നാട് കത്തിക്കാൻ ഇറങ്ങിയപ്പോൾ അവർക്കിടയിലൂടെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ ചെങ്കൊടികെട്ടിയ വാഹനത്തിൽ അനുഗമിച്ച കമ്മ്യൂണിസ്റ്റ് സേനാംഗം തുടങ്ങി ഒരുപാട് പറയാനുണ്ട് വാസുവേട്ടനെകുറിച്ച്… കരുത്തോടെ ജ്വലിച്ച് നിന്ന ആ വിപ്ലവനക്ഷത്രത്തിൽ നിന്ന് അടർന്ന് വീണ രക്തനക്ഷത്രമാണ് ഞങ്ങളുടെ റോഷൻ. എന്ന് കൂടി വക്കാലത്ത് ഫിറോസ് കുട്ടിയെ ഓമ്മിപ്പിക്കുന്നു.(ഫിറോസെ കുറേ നാളായില്ലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് ഇനി എപ്പൊഴാണ് ഒരു അനുശോചന കുറിപ്പെഴുതാൻ പഠിക്കുക)
കെ.വി വാസുവിന് അനുശോചനം അറിയിച്ചുകൊണ്ടുള്ള പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൂത്തുപറമ്പ് രക്തസാക്ഷികളിലൊരാളായ റോഷന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. നീതി കിട്ടാതെയാണ് ആ പിതാവും മരണത്തിന് കീഴടങ്ങിയത്. പോലീസ് വെടിവെപ്പില്‍ റോഷന്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അവന്റെ നെഞ്ചിലല്ലേ വെടി കൊണ്ടത് എന്ന് ചോദിച്ചൊരച്ഛനാണ് സഖാവ് കെ.വി വാസു. വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി മകന്റെ ജീവന്‍ നല്‍കിയതില്‍ അഭിമാനം പൂണ്ട അച്ഛന്‍. പിന്നീട് സ്വാശ്രയ കോളേജ് വിഷയത്തില്‍ പാര്‍ട്ടി എടുത്ത നിലപാട് കണ്ട് രക്തസാക്ഷികളെ വീണ്ടും കൊല്ലരുതെന്ന് പറഞ്ഞ് പാര്‍ട്ടിക്കെതിരെ അദ്ദേഹം പരസ്യമായി രംഗത്ത് വന്നിരുന്നു.
ഇനി ഡി.വൈ.എഫ്.ഐ സഖാക്കളോടാണ്…
റോഷന്റെ പിതാവിന്റെ മരണ വാര്‍ത്ത കേള്‍ക്കുമ്പോഴെങ്കിലും നിങ്ങളാ രക്തസാക്ഷികളെ ഓര്‍ക്കണം. പിതാവിന് വേണ്ടി ഓര്‍മ്മക്കുറിപ്പുകളെഴുതുമ്പോള്‍ എന്തിനായിരുന്നു അന്ന് സമരം ചെയ്തതെന്നാലോചിക്കണം. ഇക്കഴിഞ്ഞ ദിവസം പോലും ഉന്നത വിദ്യാഭ്യാസ മന്ത്രി നാടു നീളെ നൂറുകണക്കിന് സ്വാശ്രയ കോഴ്‌സുകള്‍ വാരി വിതറിയപ്പോള്‍ മൗനം പാലിച്ച സംഘടനയാണ് ഇപ്പോഴത്തെ ഡി.വൈഎഫ്.ഐ. രക്തസാക്ഷിയായ തന്റെ മകനടക്കം അഞ്ചു പേരുടെ പിന്‍ഗാമികളായ ഡി.വൈ.എഫ്.ഐയുടെ ഗതികെട്ട നില കണ്ടാണ് ആ പിതാവും മരണമടഞ്ഞത്. ആ യാഥാര്‍ത്ഥ്യം നിങ്ങളറിയണം. ഉള്‍ക്കാളളണം. അല്ലാതെ ആ പിതാവിനെ അനുസ്മരിച്ച് നിങ്ങളെഴുതുന്ന ഓരോ വരികളും കാപട്യമാണ്. രക്തസാക്ഷികളോടുള്ള വഞ്ചനയാണ്.
സഖാവ് കെ.വി വാസുവിന് ആദരാഞ്ജലികള്‍…