കോഴിക്കോട്: എലത്തൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോഴിക്കോട് ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കയ്യാങ്കളി. പ്രശ്നം പരിഹരിക്കാനും സമവായത്തിനുമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് തര്‍ക്കം കയ്യേറ്റത്തിലേക്ക് നീങ്ങിയത്. സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്നത്. എന്‍സികെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യോഗത്തില്‍ നിന്നും എം.കെ. രാഘവന്‍ എംപി ഇറങ്ങിപ്പോയി.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസിനെതിരേയും പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. യുഡിഎഫ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി, വിമത സ്ഥാനാര്‍ത്ഥിയായ കെപിസിസി അംഗം ദിനേശ് മണി ഉള്‍പ്പടെയുളളവര്‍ സ്ഥലത്തുണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് എം.പി എം.കെ രാഘവന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സുല്‍ഫീക്കര്‍ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ദിനേശ് മണിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് എം.കെ രാഘവന്‍ പ്രതികരിച്ചില്ല.
മൂന്ന് സ്ഥാനാര്‍ത്ഥികളെയും വിളിച്ചിരുത്തി എല്ലാവരുമായി ചര്‍ച്ച നടത്തി നാളത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനായിരുന്നു നീക്കം. രാവിലെ തന്നെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസ് സമവായ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. തുടര്‍ന്ന് ഡി.സി.സി ഭാരവാഹികളുമായി ചര്‍ച്ച നടത്തുന്നതിനിടെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. എന്‍സിപിയ്ക്ക് സീറ്റ് കൊടുത്തു കൊണ്ടുള്ള ഒരു സമവായവും വേണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
എലത്തൂര്‍ സീറ്റ് എന്‍.സി.കെക്ക് നല്‍കിയതില്‍ യു.ഡി.എഫില്‍ തര്‍ക്കം നിലനിന്നിരുന്നു. എന്‍.സി.കെക്ക് സീറ്റ് നല്‍കിയതിനാല്‍ എലത്തൂരില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തി.
വിജയ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് പോകുന്ന അവസ്ഥയുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്നായിരുന്നു സമവായ ചര്‍ച്ച നടത്താന്‍ തീരുമാനം എടുത്തത്. എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് നേരത്തേ എം.കെ. രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫിലെ ജനതാദള്‍ വിഭാഗം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.