ദുബായ്: ദുബായിൽ പൊതു ബസുകളിൽ വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ച് വനിതകൾ. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. ദുബായിക്കകത്തെ ബസുകൾ ഇവർ വെള്ളിയാഴ്ച മുതൽ ഓടിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു.
നിലവിൽ ആർടിഎയുടെ കീഴിൽ ഒട്ടേറെ വനിതാ ഡ്രൈവർമാർ പ്രവർത്തിക്കുന്നു. ടാക്സി ഡ്രൈവർമാർ– 165. ലിമോസ് ഡ്രൈവർമാർ–41. സ്കൂള്‍ ബസ് ഡ്രൈവർ–1. വരും ദിനങ്ങളിൽ കൂടുതൽ വനിതാ ബസ് ഡ്രൈവർമാരെ നിരത്തുകളിൽ കാണാമെന്നാണ് പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാൻ വ്യക്തമാക്കിയത്.
പുരുഷ ഡ്രൈവർമാരെ പോലെ മികച്ച വനിതാ ഡ്രൈവർമാരെയും വാർത്തെടുക്കുന്നതായും ബഹ്റൂസിയാൻ പറയുകയുണ്ടായി. പുരുഷ മേൽക്കോയ്മയുള്ള മേഖലയിൽ വനിതകൾക്കും തുല്യ സ്ഥാനം നൽകുന്നു. കൂടാതെ, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.